ശബരിമല: മണ്ഡലകാലത്ത് ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്കിങ് നിറയുമ്പോഴും ബുക്ക് ചെയ്തവരിൽ വലിയൊരു വിഭാഗം ദർശനത്തിനെത്തുന്നില്ലെന്ന് കണക്കുകൾ. 58,697 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തതെങ്കിലും ഇതിൽ 37,341 പേർ മാത്രമാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്.
ബുക്ക് ചെയ്തവരിൽ 21,356 പേർ ദർശനത്തിനെത്തിയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ വെർച്വൽ ക്യൂ സംവിധാനത്തിലെ ബുക്കിങ്ങുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയരുകയാണ്.
യഥാർഥത്തിൽ ദർശനത്തിനെത്താൻ ഉദ്ദേശിക്കുന്നവർക്കുപോലും ബുക്കിങ് ലഭിക്കാത്ത സാഹചര്യം നിലനിൽക്കുമ്പോൾ ഇത്രയധികം പേർ ബുക്ക് ചെയ്തിട്ടും എത്താതിരിക്കുന്നത് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു. വ്യാജ ബുക്കിങ്ങുകളോ, ഒന്നിലധികം ബുക്കിങ്ങുകളോ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ടോയെന്ന സംശയവും ശക്തമാകുന്നുണ്ട്.
വെർച്വൽ ക്യൂ സംവിധാനത്തിലെ ബുക്കിങ് നടപടികൾ കൂടുതൽ സുതാര്യമാക്കണമെന്നും ബുക്ക് ചെയ്ത് എത്താത്തവരുടെ കണക്കുകൾ പരിശോധിക്കണമെന്നും ആവശ്യമുയരുന്നു.
ദർശനത്തിനായി കാത്തിരിക്കുന്ന യഥാർഥ ഭക്തർക്ക് അവസരം നഷ്ടപ്പെടാതിരിക്കാൻ വെർച്വൽ ക്യൂ സംവിധാനത്തിലെ ക്രമക്കേടുകൾ പരിശോധിക്കേണ്ടത് അനിവാര്യമാണ്.


