തൃശൂർ:ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടം നേടി മലയാളി ഗവേഷകൻ ഡോ. ദേവദാസ് മേനോൻ.
സ്റ്റാൻഫോർഡ് സർവകലാശാലയും അന്താരാഷ്ട്ര പ്രസാധകരായ എൽസെവിയറും സംയുക്തമായി പുറത്തിറക്കിയ 2026-ലെ ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് അദ്ദേഹം നേട്ടം ആവർത്തിച്ചത്
.ആഗോളതലത്തിൽ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ (Communication & Media) വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് പട്ടികയിൽ ഇടം നേടിയ ഏക ഗവേഷകനാണ് ഡോ. ദേവദാസ് മേനോൻ. നിലവിൽ ഐ.എസ്.ആർ.ഒയുടെ അഹമ്മദാബാദിലുള്ള സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിലെ (SAC) ഡെവലപ്മെന്റ് ആൻഡ് എജ്യുക്കേഷണൽ കമ്മ്യൂണിക്കേഷൻ യൂണിറ്റിൽ (DECU) ഗവേഷകനായി പ്രവർത്തിക്കുകയാണ് അദ്ദേഹം.
എറണാകുളത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയഡോ. ദേവദാസ്, കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ബാംഗ്ലൂർ സർവകലാശാലയിൽനിന്ന് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കി. തമിഴ്നാട് കേന്ദ്ര സർവകലാശാലയിലും ബാംഗ്ലൂർ സർവകലാശാലയിലും അധ്യാപകനായും ഗവേഷകനായും പ്രവർത്തിച്ചിട്ടുണ്ട്.
സൈബർ സൈക്കോളജി, ഡിജിറ്റൽ മീഡിയ, നിർമിതബുദ്ധി എന്നിവ മനുഷ്യന്റെ പെരുമാറ്റത്തിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനമാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകൾ. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ വളർച്ച, പ്രേക്ഷകരുടെ ഡിജിറ്റൽ കാഴ്ചാശീലങ്ങൾ, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം, ജനറേറ്റീവ് എ.ഐയുടെ സ്വീകാര്യത തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്.
മലയാളി ഗവേഷകന്റെ നേട്ടം രാജ്യാന്തര ഗവേഷണരംഗത്ത് കേരളത്തിനും അഭിമാനമായി.


