എറണാകുളം: കാറിലെ എസി പ്രവർത്തിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചു. ഊബർ ടാക്സി ഡ്രൈവറും യാത്രക്കാരിയായ യുവതിയും തമ്മിലായിരുന്നു തർക്കം. വ്യാഴാഴ്ച കരിങ്ങാംതുരുത്തിലുണ്ടായ സംഭവത്തെത്തുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കൊങ്ങോർപ്പിള്ളിയിൽനിന്ന് തൃശൂരിലേക്ക് പോകുന്നതിനായി 1,200 രൂപയ്ക്കാണ് യുവതി ഊബർ ടാക്സി ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ കുറച്ചുദൂരം പിന്നിട്ടപ്പോൾ കാറിലെ എസിയുടെ തണുപ്പ് കൂട്ടാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ ഇതിനായി അധിക തുക നൽകണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ ആരോപണം. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് യാത്ര തുടരാനാകില്ലെന്നും ബുക്ക് ചെയ്ത സ്ഥലത്തേക്ക് തന്നെ തിരികെ എത്തിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കരിങ്ങാംതുരുത്ത് കവലയിൽ തിരിച്ചെത്തിയപ്പോൾ യുവതിയോട് വാഹനത്തിൽനിന്ന് ഇറങ്ങാൻ ഡ്രൈവർ ആവശ്യപ്പെട്ടു. ഇതിനിടെ യുവതി വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ബന്ധുക്കളെന്ന് പറയുന്നവരും ഡ്രൈവറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. സംഘർഷത്തിൽ ഡ്രൈവർക്ക് മർദനമേറ്റു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിനാനിപുരം പൊലീസ് ഡ്രൈവറെയും മർദിച്ചവരെയും കസ്റ്റഡിയിലെടുത്തു. സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.


