തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യമാണിതെന്നും പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകാനാകുമെന്നും ഗോവിന്ദൻ പരിഹസിച്ചു.
കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളെയും സൈബർ ആക്രമണങ്ങളെയും അദ്ദേഹം വിമർശിച്ചു. കെപിസിസി പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റിനുമെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. സൈബർ ആക്രമണങ്ങൾ മുഴുവൻ കെ.സി. പക്ഷത്തിനെതിരെയാണെന്നും കോൺഗ്രസ് രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
കേരളത്തിൽ ഭരണസ്തംഭനമാണെന്നും ആറ് മാസം കൊണ്ട് സ്ഥിതി ഇത്രത്തോളം മോശമായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മന്ത്രിസഭയിൽ പരസ്പര വിശ്വാസമില്ലാത്ത സാഹചര്യം ഉദ്യോഗസ്ഥരിലും ആശങ്കയുണ്ടാക്കും. ഇത് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി തന്നെ ഹൈക്കമാൻഡിനെ സമീപിച്ച് പരാതിയുമായി പോകുന്ന സാഹചര്യമാണുള്ളതെന്നും ഗോവിന്ദൻ പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നുവെന്നാരോപിച്ച് കോൺഗ്രസ് മെറ്റ ഓഫീസിലേക്ക് മാർച്ച് നടത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ സംവിധാനം ഉപയോഗിച്ച് എതിരാളികളുടെ പോസ്റ്റുകൾ നീക്കം ചെയ്യുകയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
കോൺഗ്രസ്-ബിജെപി ബന്ധത്തെയും എം.വി. ഗോവിന്ദൻ വിമർശിച്ചു. പരസ്പരം മാപ്പ് പറഞ്ഞാൽ തീരാവുന്ന ബന്ധമാണിതെന്നും ഇരുവിഭാഗത്തിനും പരസ്പരം സഹകരിക്കാൻ പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. മന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായം തള്ളുന്നുണ്ടോയെന്ന ചോദ്യത്തിന്, അടഞ്ഞ അധ്യായമെന്ന് പറഞ്ഞതിൽ എല്ലാമുണ്ടെന്നായിരുന്നു മറുപടി.
വൈദ്യുതി കരാർ, വി.ഇ.എച്ച് ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. 12.55 രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയതെന്നും യഥാർഥ വില മൂന്ന് രൂപയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിൽ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മയിൽപ്പീലി സ്കോളർഷിപ്പിനെതിരെയും ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. സംഘപരിവാർ ശക്തികൾക്ക് സ്കൂളുകളിൽ പ്രവേശിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിന് കീഴടങ്ങിയ ശേഷമാണ് പദ്ധതി പിൻവലിച്ചതെന്ന് മന്ത്രി പറയുന്നുവെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.


