എറണാകുളം: മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കിൽനിന്ന് പണം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. അങ്കമാലി തുറവൂർ കിടങ്ങൂർ പാലമറ്റം വീട്ടിൽ ഷിജോ ജോസ് (40), കിടങ്ങൂർ കിങ്ങിണിമറ്റം സുരേഷ് (45), തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണി (40) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
2025 ഒക്ടോബറിലായിരുന്നു തട്ടിപ്പ് നടന്നത്. തുറവൂർ മേഖലയിലെ സഹകരണ ബാങ്കിൽ ഏഴ് വ്യാജ സ്വർണവളകൾ പണയംവെച്ച് 4.20 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഷിജോയാണ് വളകൾ ബാങ്കിൽ പണയംവെച്ചത്. പണയംവെക്കുന്നതിനായി വളകൾ നൽകിയത് റോണിയും സുരേഷുമാണെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ റോണിയും സുരേഷും അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ടവരാണ്. റോണിക്കെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. അങ്കമാലി, കൊരട്ടി, തൃക്കാക്കര, കാലടി, ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലായി 15 കേസുകളിൽ പ്രതിയാണ് സുരേഷ്.
ഷിജോയ്ക്കെതിരെയും അങ്കമാലി പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ നിലവിലുണ്ട്.
എസ്.ഐ ജോജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ അജിത്ത്, രാജീവ്, എസ്.സി.പി.ഒ വിനോദ്, സി.പി.ഒമാരായ മിഥുൻ, ലിൻസൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


