തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. പാർട്ടിയിലും സർക്കാരിലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചു. ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ടാണ് നേതാക്കൾ അതൃപ്തി അറിയിച്ചത്. വി.ഡി. സതീശനെതിരായ നീക്കമെന്ന നിലയിലും ഈ പരാതി രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.
നേരത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് തലത്തിൽ സംഘടിതമായി ഹൈക്കമാൻഡിനെ സമീപിക്കുന്നത് ഇതാദ്യമാണ്. ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ എ ഗ്രൂപ്പിന്റെ അതൃപ്തി അറിയിച്ചത്.
പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ലെന്നും പ്രധാന തീരുമാനങ്ങൾ പലതും കെപിസിസി അധ്യക്ഷൻ പോലും അറിയുന്നില്ലെന്നുമാണ് പ്രധാന പരാതി. പിഎസ്‌സി, ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. അതിന് സാധിക്കുന്നില്ലെങ്കിൽ ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തനം നിർജീവമായെന്നും സംഘടനാ സംവിധാനം നിശ്ചലാവസ്ഥയിലാണെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നീക്കം മുഖ്യമന്ത്രിക്കെതിരെയല്ലെന്നും പാർട്ടിക്കുള്ളിലെ അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധമാണെന്നുമാണ് എ ഗ്രൂപ്പ് നേതാക്കളുടെ വിശദീകരണം. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുക എന്നതായിരുന്നു ഇതുവരെ പ്രധാന ലക്ഷ്യമെന്നും അതിനായി പല അവഗണനകളും സഹിച്ചെന്നും നേതാക്കൾ പറയുന്നു. എന്നാൽ ഇനിയും മൗനം പാലിക്കാനാകില്ലെന്നാണ് ഗ്രൂപ്പിന്റെ നിലപാട്. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ബെന്നി ബെഹനാൻ തയ്യാറായില്ല.
അതേസമയം, പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തിയാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിസിസികളും പുനഃസംഘടിപ്പിക്കണമെന്നും ഇതിലൂടെ പാർട്ടി നിർജീവമാണെന്ന പരാതിക്ക് പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈക്കമാൻഡിന് മുന്നിലെത്തിയ എ ഗ്രൂപ്പിന്റെ പരാതിയിൽ നേതൃത്വം സ്വീകരിക്കുന്ന നിലപാടാണ് ഇനി നിർണായകമാകുക.


