ദോഹ: ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഞായറാഴ്ച നടന്ന ഇന്ത്യ ‘എ’-പാകിസ്താൻ ‘എ’ മത്സരത്തിന്റെ ടോസിനിടെ നാടകീയ രംഗങ്ങൾ. മാച്ച് റഫറിക്ക് സംഭവിച്ച പിഴവാണ് ടോസിനിടെ ആശയക്കുഴപ്പത്തിനിടയാക്കിയത്.
ടോസിനായി ഇന്ത്യ ‘എ’ ക്യാപ്റ്റൻ തിലക് വർമ്മയും പാകിസ്താൻ ‘എ’ ക്യാപ്റ്റൻ അബ്ദുൾ സമദും ഗ്രൗണ്ടിലെത്തി. നാണയം വായുവിലേക്ക് എറിഞ്ഞപ്പോൾ അബ്ദുൾ സമദ് ‘ഹെഡ്സ്’ എന്നാണ് വിളിച്ചത്. നാണയം നിലത്തുവീണതിനു പിന്നാലെ ‘ടെയിൽസ്’ ആണെന്നും തിലക് വർമ്മ ടോസ് നേടിയെന്നും മാച്ച് റഫറി ആദ്യം പ്രഖ്യാപിച്ചു.
എന്നാൽ, നാണയം പരിശോധിച്ച ഇരു ക്യാപ്റ്റന്മാരും അത് ‘ഹെഡ്സ്’ ആണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ അബ്ദുൾ സമദ് മൈക്കിലൂടെ ‘ഇത് ഹെഡ് ആണ്, ഹെഡ് ആണ്’ എന്ന് വിളിച്ചുപറഞ്ഞു. ഇതോടെ ടോസ് പാകിസ്താന് അനുകൂലമായി തിരുത്തി. ടോസ് നേടിയ പാകിസ്താൻ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു.
ടോസിന് പിന്നാലെ ഇരു ക്യാപ്റ്റന്മാരും പരസ്പരം ഹസ്തദാനം ചെയ്യാതെ അഭിമുഖങ്ങൾക്കായി നീങ്ങിയതും ശ്രദ്ധേയമായി.
കഴിഞ്ഞ മത്സരത്തിൽ കളത്തിലിറങ്ങിയ അതേ ടീമുകളെയാണ് ഇരു രാജ്യങ്ങളും ഈ നിർണായക പോരാട്ടത്തിലും നിലനിർത്തിയത്.
ടീമുകൾ:
ഇന്ത്യ ‘എ’: തിലക് വർമ്മ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ആയുഷ് ബദോനി, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, സൂര്യാൻഷ് ഷെഡ്ഗെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹർഷിത് റാണ, പ്രിൻസ് യാദവ്.
പാകിസ്താൻ ‘എ’: അബ്ദുൾ സമദ് (ക്യാപ്റ്റൻ), ഷാമിൽ ഹുസൈൻ, മാസ് സദാഖത്ത്, റൊഹൈൽ നസീർ (വിക്കറ്റ് കീപ്പർ), ഹസൻ നവാസ്, ഫർഹാൻ യൂസഫ്, സാദ് മസൂദ്, മുഹമ്മദ് ഇമ്രാൻ രൺധാവ, അഹമ്മദ് ദാനിയാൽ, സുഫിയാൻ മുഖീം, അലി റാസ.




