ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്ന എൽനീനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തീരദേശ മേഖലകളിലും ആശങ്ക ഉയരുന്നു. കാലിഫോർണിയൻ തീരങ്ങളിൽ 50 അടി വരെ ഉയരമുള്ള കൂറ്റൻ തിരമാലകളും തീരദേശ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഇന്ത്യൻ തീരങ്ങളിലും സമാനമായ പ്രതിഭാസങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായത്.
ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒരു മാസത്തിനിടെ മൂന്ന് ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതാണ് ആശങ്കയ്ക്ക് പ്രധാന കാരണം. ഒക്ടോബർ അവസാനത്തോടെ അർണബ് ചുഴലിക്കാറ്റും നവംബർ മൂന്നിന് ഓംഗോളിന് സമീപം മുരശ് ചുഴലിക്കാറ്റും തീരം തൊട്ടു. പിന്നാലെ നവംബർ 20ന് വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരങ്ങളിലൂടെ കടന്നുപോയ അക്വാൻ ചുഴലിക്കാറ്റും ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായി.
ഇതേത്തുടർന്ന് ആന്ധ്രാപ്രദേശിലും ഒഡിഷയിലുമായി ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. 1987ലെ എൽനീനോ വർഷത്തിലും സമാനമായ രീതിയിൽ ചുഴലിക്കാറ്റുകളുടെ പരമ്പരയുണ്ടായിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര ചൂണ്ടിക്കാട്ടുന്നു. എൽനീനോയുടെ സ്വാധീനത്തിൽ സമുദ്രോപരിതലത്തിലെ താപനില ഉയരുന്നത് സമുദ്രനിരപ്പിൽ വർധനവിനും വിവിധ കാലാവസ്ഥാ പ്രതിഭാസങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിന്റെ പ്രതിഫലനമായാണ് കാലിഫോർണിയൻ തീരങ്ങളിൽ കൂറ്റൻ തിരമാലകളും വെള്ളപ്പൊക്കവും ഉണ്ടായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ദക്ഷിണ സമുദ്രത്തിലെ വിദൂര മേഖലകളിൽ രൂപപ്പെടുന്ന ശക്തമായ കൊടുങ്കാറ്റുകൾ സൃഷ്ടിക്കുന്ന തിരമാലകൾ ദീർഘദൂരം സഞ്ചരിച്ച് കേരളം ഉൾപ്പെടെയുള്ള തീരങ്ങളിൽ എത്താനും സാധ്യതയുണ്ട്. ഇത് കള്ളക്കടൽ പ്രതിഭാസത്തിന് കാരണമായേക്കാം. ഇതിന്റെ ഭാഗമായി കടൽ പെട്ടെന്ന് കരയിലേക്ക് കയറുകയും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യാം.
നവംബർ 23 മുതൽ 27 വരെ കേരളം, തെക്കൻ തമിഴ്നാട്, കർണാടക തുടങ്ങിയ തെക്കുപടിഞ്ഞാറൻ തീരമേഖലകളിൽ തീരദേശ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന ഐ.എം.ഡി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ദേശീയ സമുദ്ര വിവര സേവന കേന്ദ്രം (ഇൻകോയിസ്), കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടങ്ങിയ ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.


