കൊച്ചി: ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി പ്രവീൺകുമാർ (28), തമിഴ്നാട് നീലഗിരി ജില്ലയിലെ കോത്തഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.
പൊറ്റക്കുഴിയിൽ നടന്ന വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവിൽ വെച്ച് അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സമീപത്തുണ്ടായിരുന്നവർ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


