തിരുവനന്തപുരം: പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് 18 വയസ്സ് തികയുമ്പോൾ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിൽ കർശന വ്യവസ്ഥകൾ വേണമെന്ന് മുൻ ഡിജിപി ബി. സന്ധ്യ. ബാലനീതി നിയമത്തിലെ പ്രായപരിധി 15 വയസ്സായി കുറയ്ക്കണമോ എന്ന വിഷയത്തിൽ റീഫോം കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഭദ്രപക്ഷം’ അഭിപ്രായ രൂപീകരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ഒരേ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതോ മുതിർന്ന കുറ്റവാളികൾക്കൊപ്പം ജയിലിലടയ്ക്കുന്നതോ പ്രായോഗികമല്ലെന്ന് ബി. സന്ധ്യ അഭിപ്രായപ്പെട്ടു. എന്നാൽ 14 വയസ്സിന് മുകളിലുള്ളവരിൽ ലഹരി ഉപയോഗവും കുറ്റവാസനയും പ്രകടിപ്പിക്കുന്നവരെ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം വേണമെന്നും അവർ ചൂണ്ടിക്കാട്ടി.
വൈകാരിക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം നിയമഭേദഗതികൾ കൊണ്ടുവരുന്നത് ഉചിതമല്ലെന്നും ഇത്തരം മാറ്റങ്ങൾക്ക് കൃത്യമായ വിവരങ്ങളുടെയും ശാസ്ത്രീയ പഠനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും അവർ പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടികൾ, ഭരണഘടനാ വ്യവസ്ഥകൾ, കോടതികളുടെ പരിശോധന എന്നിവയും പരിഗണിക്കേണ്ടതുണ്ട്.
ചടങ്ങിൽ കേരള ലോ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ, സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ, ലൈഫ് കോച്ച് ദീപ രാഹുൽ ഈശ്വർ, മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ, ബാലാവകാശ പ്രവർത്തക ശോഭ വിശ്വനാഥ് തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
കുട്ടികളിലെ കുറ്റകൃത്യങ്ങൾ തടയാൻ നിയമനടപടികൾക്കൊപ്പം മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന അഭിപ്രായവും സെമിനാറിൽ ഉയർന്നു.


