കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിൽ സർവകലാശാല പുതിയ അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു.
വിദ്യാർത്ഥികൾക്ക് അനുകൂലമായി വിധി വന്നതോടെ നിരാഹാര സമരം നടത്തുന്ന വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കും. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് 84 ദിവസം പിന്നിട്ടപ്പോഴാണ് ഹൈക്കോടതിയുടെ ഉത്തരവ്. 22 ദിവസമായി തുടരുന്ന നിരാഹാര സമരത്തിനും ഇതോടെ അവസാനമാകും.
അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സർവകലാശാല എടുത്ത തീരുമാനവും കോടതി റദ്ദാക്കി. വിദ്യാർത്ഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരിച്ചുപ്രവേശിപ്പിക്കണമെന്നും ഉത്തരവിട്ടു.
നടപടിക്രമങ്ങൾ പാലിച്ച് സർവകലാശാലയ്ക്ക് പുതിയ അന്വേഷണം നടത്താം. എന്നാൽ സസ്പെൻഷനിലായിരുന്ന 84 ദിവസത്തെ കാലയളവ് പുതിയ അന്വേഷണത്തിൽ പരിഗണിക്കണം. പുതിയ അന്വേഷണം വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടയാനുള്ള മാർഗമായി ഉപയോഗിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.


