തിരുവനന്തപുരം: ദിവസങ്ങളായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ കൂടി 11,600 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,800 രൂപയിലെത്തി.
നവംബർ 21, 22 തീയതികളിൽ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവ്യാപാരം. അന്ന് ഒരു പവൻ സ്വർണത്തിന് 91,720 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,608 ഡോളറിലാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 എന്ന നിലയിലുമാണ്.
എന്നാൽ ഇന്നത്തെ വിലവർധന സ്വർണവിപണിയുടെ തിരിച്ചുവരവായി കാണാനാകില്ലെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താൽക്കാലിക തിരുത്തലായി മാത്രമേ ഈ വർധനയെ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാമിന് 1,750 രൂപയുമാണ് ഇന്നത്തെ വില.


