ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നാളെ തൃക്കാർത്തിക ദിനത്തിൽ നടക്കും. പൊങ്കാല അർപ്പിക്കാനായി നിരവധി സ്ത്രീഭക്തരാണ് ഒരുങ്ങുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള ഭക്തരും ക്ഷേത്രത്തിലെത്തി അടുപ്പുകൾ ഒരുക്കി ചടങ്ങുകൾക്കായി കാത്തിരിക്കുകയാണ്.
ഇന്ന് വൈകിട്ടോടെ ക്ഷേത്രപരിസരത്തും സമീപത്തെ റോഡരികുകളിലും പൊങ്കാലക്കലങ്ങൾ നിറയും. ദിവസങ്ങൾക്ക് മുമ്പുതന്നെ പലരും ക്ഷേത്രപരിസരത്ത് സ്ഥലം ഉറപ്പിച്ചിട്ടുണ്ട്. റോഡരികുകളിൽ പൊങ്കാല ഇടാനുള്ള സ്ഥലം ഉറപ്പിക്കാൻ കയറുകെട്ടിയും ഇഷ്ടിക നിരത്തിയും ഭക്തർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
പൊങ്കാലയ്ക്കായി ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9ന് വിളിച്ചുചൊല്ലി പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പകർന്നുനൽകുന്ന ദീപം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഗണപതി വിളക്കിൽ തെളിക്കും. ഇതോടെയാണ് പണ്ടാര പൊങ്കാലയ്ക്ക് തുടക്കമാകുന്നത്. ഇതിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും.
രാവിലെ 9.30ന് മേൽശാന്തി രഞ്ജിത്ത് നമ്പൂതിരി മൂലബിംബം പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തിക്കും. തുടർന്ന് വേദപണ്ഡിതൻ രമേശ് ഇളമൺ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രാർഥന നടക്കും. പിന്നീട് അടുപ്പിൽ അഗ്നി പകരുകയും വാർപ്പിൽ അരി ഇടുകയും ചെയ്യും. അശോകൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ തുടർചടങ്ങുകൾ നടക്കും.


