പയ്യന്നൂരിലെ സി.പി.എം. ഏഴിമല ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു ദശാബ്ദത്തിനുശേഷം തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെ വീണ്ടും ആ പേരും സംഭവവും ചർച്ചയാവുകയാണ്. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിന്‍, മൂന്നാം പ്രതി എം. വൈശാഖ് എന്നിവര്‍ കുറ്റക്കാരാണെന്ന് വിധിച്ച കോടതി കേസിലെ മറ്റു പ്രതികളായ നാല് മുതല്‍ 20 വരെയുള്ളവരെ സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതെ വിടുകയായിരുന്നു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് ആണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്.
ഒന്നാം സാക്ഷിയുടെ മൊഴി പൂര്‍ണ്ണമായും വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തിയാണ് 4 മുതല്‍ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടതെന്ന് കോടതി വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. വിധി പ്രസ്താവം കേള്‍ക്കാന്‍ ധനരാജിന്റെ ഭാര്യയും കുടുംബാംഗങ്ങളും എ.എന്‍. ഷംസീര്‍ അടക്കമുള്ള നേതാക്കളും കോടതി വളപ്പില്‍ എത്തിയിരുന്നു. ആര്.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ 20 പേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 12-ാം പ്രതിയായ സി. ബിജു (ചൂരക്കാട്ട് ബിജു) ഒരു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് 19 പ്രതികളുടെ വിചാരണയാണ് കോടതിയില്‍ പൂര്‍ത്തിയായത്.
2016 ജൂലൈ 11 തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ വീടിന് സമീപത്തുവെച്ചാണ് ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ ബൈക്കുകളില്‍ പിന്തുടര്ന്നെത്തിയ ആര്.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകര്‍ ആദ്യം വീടിന് സമീപത്തുവെച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ജീവന് രക്ഷിക്കാന്‍ വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിന്‍ഭാഗത്തുവെച്ച്, അമ്മയുടെയും ഭാര്യയുടെയും കണ്മുന്നിലിട്ട് മുഖംമൂടി ധരിച്ച സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്; ഇതില്‍ എം. വിപിനും എം. വൈശാഖും സഹോദരങ്ങളാണ്. രാഷ്ട്രീയ വൈരാഗ്യം മൂലം ആര്.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ 20 പേര് ചേര്‍ന്ന് ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷന് വാദിച്ചു. 2016 ജൂണ്‍ 25-ന് കക്കംപാറ മുത്തപ്പന് ക്ഷേത്രത്തിന് സമീപവും, പിന്നീട് പയ്യന്നൂര്‍ ആര്.എസ്.എസ്. കാര്യാലയത്തിന് സമീപത്തുവെച്ചും രണ്ട് ഘട്ടങ്ങളിലായി ഗൂഢാലോചന നടന്നതായും പ്രോസിക്യൂഷന് ആരോപിച്ചു.
ധനരാജ് കൊല്ലപ്പെട്ട് മൂന്ന് മണിക്കൂറിനുള്ളില്‍, പുലര്‍ച്ചെ ഒരു മണിയോടെ രാമചന്ദ്രന് എന്ന ആര്.എസ്.എസ്. പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. അക്രമിസംഘം വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍, കണ്ണൂരിലെ സി.പി.എം. ശക്തികേന്ദ്രമായ പയ്യന്നൂരില്‍ നടന്ന ഈ ഇരട്ടക്കൊലപാതകം സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക ചര്‍ച്ചകളില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയും അന്നത്തെ സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇതിനു പിന്നാലെ 2016 ജൂലൈ 26-ന് സി.പി.എം. പയ്യന്നൂരില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ‘വയലില്‍ പണി തന്നാല്‍ വരമ്പത്ത് കൂലി’ എന്ന് പ്രസംഗിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ധനരാജിന്റേത് അതീവ ക്രൂരമായ കൊലപാതകമാണെന്ന് തളിപ്പറമ്പ് സെഷന്‍സ് കോടതിക്ക് നിരീക്ഷിക്കേണ്ടി വന്നു. ഭാര്യയുടെയും അമ്മയുടെയും പത്ത് വയസ്സുള്ള കുട്ടിയുടെയും മുന്നില്‍വെച്ചാണ് കൊലപാതകം അരങ്ങേറിയതെന്നും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീട്ടില്‍വെച്ച് 37 വെട്ടുകള്‍ ഏല്‍പ്പിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വയസ്സുള്ള കുഞ്ഞ് ഉറങ്ങിക്കിടന്ന മുറിയുടെ ചുമരില്‍ പോലും രക്തം തെറിച്ചു. ഇറച്ചി വെട്ടുന്ന കടയില്‍ പോലും വെട്ടാത്ത വിധത്തിലാണ് വെട്ടിയതെന്നും കോടതി നിരീക്ഷിച്ചപ്പോള്‍, കേസില്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായെന്ന് പ്രോസിക്യൂട്ടര്‍ സി.കെ. ശ്രീധരന് സമ്മതിച്ചു.
‘ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയത് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികളാണെന്ന് പ്രോസിക്യൂഷന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയതാണ്. 37-ഓളം മാരക മുറിവുകളേല്‍പ്പിച്ച് ധനരാജനെ കൊലപ്പെടുത്തിയ ഈ മൂന്ന് പ്രതികളെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതം ചെയ്യുന്നു’ എന്ന് സി.കെ. ശ്രീധരന് പ്രതികരിച്ചു.
കൊലപാതകം നടന്ന ദിവസവും അതിന് ഒരു മാസം മുമ്പും നടന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് പ്രോസിക്യൂഷന് വാദിച്ചത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രതികളെ കോടതി വെറുതെവിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞത്. അദ്ദേഹം അന്ന് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നതിനാല്‍ ഒരു സ്വതന്ത്ര സാക്ഷിയായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാല്‍ ഈ വിഷയം ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്ന് പയ്യന്നൂര്‍ സി.ഐ.യായിരുന്ന വി. രമേശനാണ് പ്രാഥമിക അന്വേഷണം നടത്തിയത്. പിന്നീട് സി.ഐ.യായി ചുമതലയേറ്റ എം.പി. ആസാദ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 43 സാക്ഷികളെയാണ് വിസ്തരിച്ചത് (ധനരാജിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് പട്ടികയിലുണ്ടായിരുന്നത്; മൂന്ന് പേര് കോടതിയില്‍ ഹാജരായില്ല). രേഖകളും, വസ്ത്രങ്ങള്‍, ആയുധം, വാഹനം എന്നിവയടക്കം 33 തൊണ്ടിമുതലുകളും (മെറ്റീരിയല്‍ തെളിവുകള്‍) കോടതിയില്‍ ഹാജരാക്കിയിരുന്നു. 2025 സെപ്റ്റംബര്‍ 25-നാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.
2016-ല്‍ നടന്ന ഈ കൊലപാതകം വര്‍ഷങ്ങള്‍ക്ക് ശേഷവും സി.പി.എമ്മിനെ വിവിധ രീതികളില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. തങ്ങളുടെ പരമ്പരാഗത കോട്ടകളില്‍ പോലും തോല്‍വി നേരിടുന്ന സാഹചര്യത്തിലേക്ക് വരെ അത് പാര്‍ട്ടിയെ നയിച്ചു. ധനരാജിന്റെ പേരില്‍ 2026-ലും സി.പി.എമ്മിന് കടുത്ത ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. ധനരാജ് രക്തസാക്ഷി ഫണ്ടില്‍നിന്ന് പാര്‍ട്ടി നേതൃത്വം പണം വകമാറ്റി ചെലവഴിച്ചുവെന്ന് മുതിര്‍ന്ന സി.പി.എം. നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണന് ആരോപിച്ചതോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. അന്നത്തെ പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ. മധുസൂദനനെതിരെയുള്ള ആരോപണം നിയമസഭാ തിരഞ്ഞെടുപ്പില്‍ കത്തിപ്പടര്‍ന്നപ്പോള്‍, പയ്യന്നൂര്‍ എന്ന ചുവപ്പുകോട്ടയാണ് സി.പി.എമ്മിന് നഷ്ടമായത്.
രക്തസാക്ഷിത്വം പോലെ പാര്‍ട്ടി അതീവ വൈകാരികമായി സമീപിക്കുന്ന വിഷയത്തില്‍ ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണന്, പാര്‍ട്ടി വിട്ട് പയ്യന്നൂരില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തി എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടതോടെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം പയ്യന്നൂര്‍ കടന്ന് കേരളമാകെ ചര്‍ച്ചയായി. പയ്യന്നൂരിലെ പരാജയത്തിന് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും ജാഗ്രതക്കുറവുമാണെന്ന് പിന്നീട് സി.പി.എമ്മിന് തന്നെ അംഗീകരിക്കേണ്ടി വന്നു. തിരഞ്ഞെടുപ്പിന് ശേഷവും പയ്യന്നൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായില്ല. അതുകൊണ്ടുതന്നെയാണ് സെഷന്‍സ് കോടതി വിധി സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. ധനരാജിന്റെ കൊലപാതകികള്‍ക്ക് എന്ത് ശിക്ഷ വിധിച്ചാലും, വി. കുഞ്ഞികൃഷ്ണന് എം.എല്‍.എ.യുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണമാണ് വിധിയേക്കാള്‍ കൂടുതല്‍ സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്. പാര്‍ട്ടി ഒരു തിരുത്തല്‍ പ്രക്രിയയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും, രക്തസാക്ഷി ഫണ്ട് വിവാദം അടക്കമുള്ള വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ടെന്നും സി.പി.എം. വിലയിരുത്തുന്നുണ്ട്.




