ഇടുക്കി: ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം നീളുന്നു. അതിരാവിലെ ആരംഭിച്ച ദൗത്യം ആനയുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി.
പുലർച്ചെ ജലാശയത്തിലെത്തിയ ചക്കക്കൊമ്പൻ മറുകരയിലേക്ക് നീന്തിക്കയറിയിരുന്നു. നിലവിൽ ഡാമിനോട് ചേർന്നുള്ള മയക്കുവെടി വെക്കാൻ അനുയോജ്യമല്ലാത്ത സ്ഥലത്താണ് ആനയുള്ളത്. രാവിലെ എട്ടുമണി മുതൽ കിടന്ന് ഉറങ്ങുന്ന സ്വഭാവവും ചക്കക്കൊമ്പനുണ്ട്. അതിനാൽ ആനയെ നിരീക്ഷിച്ചുകൊണ്ട് ദൗത്യസംഘം പ്രദേശത്ത് തുടരുകയാണ്.
അതേസമയം, ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നതുവരെയാണ് നിയന്ത്രണം. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ വാർഡുകളിലെ പൊതുസ്ഥലങ്ങളിലും ദൗത്യമേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള സ്ഥലങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്.
ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും ആനയെ കാണാനായി കൂട്ടംകൂടരുതെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. വനംവകുപ്പ്, പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവർക്കും മാത്രമാണ് നിയന്ത്രിത മേഖലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.




