പനമരം: കാറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാവിലെ മാനന്തവാടി ഭാഗത്തു നിന്നു പനമരം ഭാഗത്തേക്കു വരികയായിരുന്ന കാറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത കാസർകോട് സ്വദേശികളായ യുവാക്കൾക്ക് എതിരെയാണ് കേസെടുത്തത്. പനമരം വലിയ പാലത്തിനു മുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഇരുവശത്തും ഡോറിന്റെ പുറത്തേക്കു തൂങ്ങി നിന്നുള്ള രണ്ടു യുവാക്കളുടെ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വിഡിയോ ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണു പൊലീസ് അപകടമുണ്ടാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകുന്ന പ്രവൃത്തികൾക്കെതിരെയുള്ള വകുപ്പുകളും ചുമത്തി സ്വമേധയാ കേസെടുത്തത്.


