തിരുവനന്തപുരം: ധനരാജ് വധക്കേസിലെ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിലെ പ്രധാന സാക്ഷിയുടെ മൊഴി പോലും കോടതി വിശ്വസിച്ചില്ലെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുടെ സാഹചര്യം കോടതി പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയിൽ ധനരാജിന്റെ കുടുംബത്തിന് അതൃപ്തിയുണ്ടെന്നും പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതുവരെ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. സമരപ്പന്തൽ പോലും തകർത്തുവെന്നും വിമർശിച്ചു.
എൽഡിഎഫ് ഭരണകാലത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും പുതിയ തസ്തികകൾ സൃഷ്ടിച്ചുപോലും നിയമനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാലടി സർവകലാശാലയിലെ വിഷയത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. വിദ്യാർഥികൾ വൈസ് ചാൻസലറെ ആക്രമിച്ചെന്ന ആരോപണം മുഖ്യമന്ത്രി ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ സൈബർ ആക്രമണങ്ങളെയും അദ്ദേഹം വിമർശിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും കെ.സി. വേണുഗോപാലിനുമെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ വി.ഡി. വിഭാഗമാണെന്ന ആരോപണം നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഇതിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം പാർട്ടിയിൽ അഭിപ്രായം പറയുന്നവരെ സൈബർ സംഘങ്ങളെ ഉപയോഗിച്ച് ആക്രമിക്കുന്നുവെന്നും വിമർശിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ സൈബർ സംഘങ്ങളെ ഉപയോഗിച്ച് പരിഹരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.


