ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 18കാരനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര വില്ലേജിലെ ചെറുകുന്നം സ്വദേശിയായ അനന്തുവാണ് പിടിയിലായത്. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്ന് പൊലീസ് അറിയിച്ചു.
രണ്ടുവർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ പീഡിപ്പിച്ചതായാണ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിക്കെതിരെ നേരത്തെയും മറ്റൊരു പോക്സോ കേസും മോഷണക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ഉൾപ്പെട്ട സമയത്ത് ഇയാൾ പ്രായപൂർത്തിയാകാത്തയാളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെ പൊലീസ് പിടികൂടിയത്. മാവേലിക്കര സിഐയുടെ ചുമതലയുള്ള ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുറത്തികാട് എസ്എച്ച്ഒ സാന്റിനോ അനന്തകുമാറും സംഘവുമാണ് അറസ്റ്റ് നടത്തിയത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


