എറണാകുളം: വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഓർമകൾ നിറയുന്ന കുടുംബത്തിന്റെ തട്ടുകടയിലെത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഏറെ നേരം കുടുംബത്തോടൊപ്പം ചെലവഴിച്ച അദ്ദേഹം തട്ടുകടയിൽ നിന്ന് ഭക്ഷണവും കഴിച്ചു. ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവിനും മക്കൾക്കും എല്ലാ പിന്തുണയും അറിയിച്ച ശേഷമാണ് മടങ്ങിയത്.
ജയബാലകൃഷ്ണന്റെ മരണശേഷം തട്ടുകടയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത് ഭാര്യ ബിന്ദുവും മക്കളുമാണ്. കുടുംബത്തിന്റെ ഈ മനക്കരുത്തിനെയും ആത്മവിശ്വാസത്തെയും സുരേഷ് ഗോപി അഭിനന്ദിച്ചു.
അച്ഛന്റെ ഓർമകൾ നിറഞ്ഞ തട്ടുകട മുന്നോട്ടുകൊണ്ടുപോകുന്ന ബിന്ദുവിന്റെയും മക്കളുടെയും പ്രവർത്തനം എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സ്വന്തം ജോലി പോലും മാറ്റിവെച്ച് അമ്മയ്ക്കൊപ്പം നിൽക്കുന്ന മക്കളുടെ സ്നേഹത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
കുടുംബത്തിന്റെ കൈപ്പുണ്യത്തിൽ തയ്യാറാക്കിയ ദോശയും ചമ്മന്തിയും കഴിക്കാനായതിൽ സന്തോഷമുണ്ടെന്നും ബിന്ദുവിനും മക്കൾക്കും തന്റെ പൂർണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചേരാനല്ലൂർ വഴി കടന്നുപോകുന്നവർ ഈ തട്ടുകടയിൽ എത്തണമെന്നും കുടുംബത്തിന് പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാർ ഇടിച്ചാണ് ജയബാലകൃഷ്ണൻ മരിച്ചത്. അപകടത്തിന് പിന്നാലെ പിതാവിന്റെ മരണത്തിൽ നീതി തേടി മകൾ ഭദ്രകീർത്തി പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയിരുന്നു. ഇതോടെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.


