അബുദാബി ∙ ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് ഡിസംബർ ഒന്നുമുതൽ 5 വരെ ദുബായിലും അബുദാബിയിലുമായി വെടിക്കെട്ടും ഡ്രോൺ ഷോയും ലേസർ–പ്രൊജക്ഷൻ പ്രദർശനങ്ങളും. നടക്കും കുടുംബത്തോടൊപ്പം സൗജന്യമായി കാണാവുന്ന വേദികൾ ഏറെയുണ്ട്. പ്രധാന പരിപാടികൾ, സമയം, പ്രവേശനനിരക്ക് എന്നിവ അറിയാം.
∙ ദുബായ് ഫെസ്റ്റിവൽ സിറ്റി: ഡിസംബർ 1, 2 തീയതികളിൽ രാത്രി 8.55ന് വെടിക്കെട്ട്. ഡിസംബർ ഒന്നിന് ബൽഖീസും 2ന് മുഹമ്മദ് അൽ ഷെഹിയും രാത്രി 9ന് സംഗീതപരിപാടി അവതരിപ്പിക്കും. പ്രവേശനം സൗജന്യം; മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
∙ ഹത്ത: ഡിസംബർ 2ന് രാത്രി 9ന് ഹത്ത സൈനിന് സമീപം വെടിക്കെട്ട്. വാദി ഹബ്ബിൽ 2, 3 തീയതികളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ കുടുംബങ്ങൾക്കായി വിനോദപരിപാടികൾ. പ്രവേശനം സൗജന്യം.
∙ ബ്ലൂവാട്ടേഴ്സ്–ജെബിആർ: ഡിസംബർ 2, 3 തീയതികളിൽ രാത്രി 8നും 10നും 1,600 ഡ്രോണുകൾ അണിനിരക്കുന്ന ആകാശപ്രദർശനം. യുഎഇ പതാകയും ദേശീയ ചിഹ്നങ്ങളും ആകാശത്ത് തെളിയും. പ്രവേശനം സൗജന്യം.
∙ ഗ്ലോബൽ വില്ലേജ്: ഡിസംബർ 2, 3 തീയതികളിൽ പ്രത്യേക ഡ്രോൺ ഷോ. ഇമറാത്തി പാരമ്പര്യവും സംസ്കാരവും അവതരിപ്പിക്കുന്ന പരിപാടികളും ഉണ്ടാകും.
∙ റിവർലൻഡ് ദുബായ്: ഡിസംബർ 2, 3 തീയതികളിൽ വെടിക്കെട്ടും ലേസർ പ്രദർശനവും. ലേസർ ഷോയുടെ പതിവ് സമയങ്ങൾ രാത്രി 7.30, 8.20, 9.30 എന്നിവയാണ്. വെടിക്കെട്ടിന്റെ സമയം സ്ഥിരീകരിച്ചിട്ടില്ല.
∙ ബുർജ് ഖലീഫ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ: ഡിസംബർ 2, 3 തീയതികളിൽ വൈകിട്ട് 7 മുതൽ 8 വരെ ബുർജ് ഖലീഫ, ദുബായ് ഫ്രെയിം, ഗ്ലോബൽ വില്ലേജ് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക പ്രദർശനങ്ങൾ. ദുബായ് ഫൗണ്ടനിലെ പതിവ് ജല–വെളിച്ച പ്രദർശനവും കാണാം.
∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, അൽ വത്ബ: ഡിസംബർ ഒന്നു മുതൽ 5 വരെ തുടർച്ചയായി അഞ്ചു ദിവസം വെടിക്കെട്ട്. 5,000 ഡ്രോണുകൾ അണിനിരക്കുന്ന ആകാശ പ്രദർശനവും പ്രധാന ആകർഷണമാണ്. 960 കലാകാരന്മാരും പങ്കാളികളും അണിനിരക്കുന്ന ‘യൂണിയൻ സ്പെക്ടക്കിൾ’ ഉൾപ്പെടെ സാംസ്കാരിക പരിപാടികളുമുണ്ട്. പ്രവേശന ടിക്കറ്റ് വേണം. വെടിക്കെട്ട് രാത്രി 10ന്.


