കൊച്ചി: ലൈംഗികാതിക്രമക്കേസിൽ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടതിന് പിന്നാലെ നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ലിജു കൃഷ്ണ. ഗീതു മോഹൻദാസിന്റെ വ്യക്തിപരമായ ഈഗോയുടെ പേരിൽ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ലിജു ആരോപിച്ചു. അറസ്റ്റിന് പിന്നാലെ തന്റെ ആദ്യ സിനിമയായ ‘പടവെട്ടി’യിൽനിന്ന് പേര് ഒഴിവാക്കാനും സിനിമയുടെ റിലീസ് തടയാനും ഗീതു മോഹൻദാസ് സമ്മർദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘പടവെട്ട്’ തന്റെ ആദ്യ സിനിമയായിരുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ചർച്ചകളുടെ ഭാഗമായി ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് മലയാളത്തിലെ മുതിർന്ന സംവിധായികയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായി. പിന്നീട് ഇത് തർക്കത്തിലേക്ക് വളർന്നു. ഇതിന്റെ പേരിലാണ് വ്യക്തിപരമായ ഈഗോയുടെ പുറത്ത് കള്ളക്കേസ് കെട്ടിച്ചമച്ചതെന്നാണ് ലിജുവിന്റെ ആരോപണം. വിചാരണയ്ക്കിടെ സംവിധായികയുടെ ഇടപെടൽ കോടതിക്ക് മുന്നിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സിനിമയിൽനിന്ന് പേര് ഒഴിവാക്കാനും റിലീസ് തടയാനുമാണ് ശ്രമം നടന്നതെന്ന് ലിജു ആരോപിച്ചു. ഇതിനായി രാജ്യത്തെ നിരവധി സംഘടനകൾക്ക് വക്കീൽ നോട്ടീസ് അയയ്ക്കുകയും ഫോൺവിളികൾ നടത്തുകയും ചെയ്തു. വിമൻ ഇൻ സിനിമ കളക്ടീവിന്റെ (ഡബ്ല്യു.സി.സി.) അധികാരം ഉപയോഗിച്ചാണ് നീക്കങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയോടോ അതിന്റെ ആശയങ്ങളോടോ എതിർപ്പില്ലെന്നും സിനിമാ മേഖലയ്ക്ക് സംഘടനയുടെ ആവശ്യങ്ങൾ പ്രസക്തമാണെന്നാണ് തന്റെ വിശ്വാസമെന്നും ലിജു കൂട്ടിച്ചേർത്തു.
ഇത്തരം കേസുകളിൽ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം മാത്രമേ കാര്യങ്ങൾ വിലയിരുത്താവൂവെന്നും ലിജു അഭിപ്രായപ്പെട്ടു. കേസുകൾ മൂലം വലിയ നഷ്ടങ്ങളാണ് സംഭവിക്കുന്നത്. വർഷങ്ങൾക്കുശേഷം നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമ്പോഴേക്കും ജീവിതം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗീതു മോഹൻദാസിനെപ്പോലെ സ്വാധീനമുള്ള വ്യക്തികൾ ഉന്നയിക്കുന്ന പരാതികളുടെ വിശ്വാസ്യത പരിശോധിക്കണമെന്നും ലിജു ആവശ്യപ്പെട്ടു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ആയുധമാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കെതിരായ ആരോപണങ്ങളിൽ പറയുന്നതുപോലൊരു പീഡനം നടന്നിട്ടില്ലെന്നും വ്യക്തമായ തെളിവുകൾ കൈവശമുണ്ടായിരുന്നിട്ടും തന്റെ ഭാഗം കേൾക്കാൻ അവസരം ലഭിച്ചില്ലെന്നും ലിജു അവകാശപ്പെട്ടു. ഗീതു മോഹൻദാസ് സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഡബ്ല്യു.സി.സി.യിലെ മറ്റാരുമായും തനിക്ക് പരിചയമോ വിരോധമോ ഇല്ലെന്നും സിനിമയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസവും തർക്കവുമാണ് സംഭവങ്ങൾക്ക് പിന്നിലെന്നും ലിജു കൃഷ്ണ പറഞ്ഞു.


