മലപ്പുറം: മെർക്കുറി അടങ്ങിയ വിവാദ എഫ് ട്യൂൺ ക്രീം രോഗികൾക്ക് കുറിച്ചുനൽകിയ സംഭവത്തിൽ ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ച് ഡ്രഗ് കൺട്രോൾ വിഭാഗം. ഡോക്ടർ പരിശോധന നടത്തിയ ക്ലിനിക്കുകളിലും ക്രീം വിൽപ്പന നടത്തിയ മെഡിക്കൽ ഷോപ്പുകളിലും വിശദമായ പരിശോധന നടത്തും. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ക്രീം നിർദേശിച്ചെന്ന ആരോപണത്തിൽ ഡോക്ടർക്കെതിരെ കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.
പത്ത് വർഷമായി ക്രീം കുറിച്ചുനൽകുന്നുണ്ടെന്ന് ഡോക്ടർ എസ്.ആർ. ബാലകൃഷ്ണൻ നായർ പറയുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഡോക്ടർ ക്രീമിനെ ന്യായീകരിച്ച് സംസാരിച്ചത്. മലപ്പുറത്തെ വിവിധ ക്ലിനിക്കുകളിലായി നൂറുകണക്കിന് രോഗികൾക്ക് ഡോക്ടർ ഈ ക്രീം കുറിച്ചുനൽകിയിട്ടുണ്ടെന്നാണ് വിവരം.
2016ൽ സമാനമായ മറ്റൊരു ക്രീം ഡോക്ടർ നിർദേശിച്ചിരുന്നുവെന്ന് മലപ്പുറം വളാഞ്ചേരി സ്വദേശി വെളിപ്പെടുത്തിയിരുന്നു. ഭാര്യയ്ക്കായി ഫൈസ എന്ന ക്രീമാണ് ഡോക്ടർ കുറിച്ചുനൽകിയത്. ക്രീം ഉപയോഗിച്ചതിന് പിന്നാലെ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോൾ ഇത് ഉപയോഗിക്കരുതെന്ന് നിർദേശിച്ചതായും യുവാവ് പറഞ്ഞു.
ക്രീം ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരാതിപ്പെട്ടവരുടെ പരാതി ഒതുക്കിത്തീർക്കാൻ ഡോക്ടർ പണം നൽകിയതായും ആരോപണമുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തണമെന്ന നിർദേശത്തോടെയാണ് പണം നൽകിയതെന്നാണ് വിവരം. അതേസമയം, ഡോക്ടറുടെ നിർദേശപ്രകാരമാണ് സമീപത്തെ മെഡിക്കൽ ഷോപ്പുകളിൽ ക്രീം എത്തിച്ചിരുന്നതെന്നും കൃത്യമായ ബില്ലുകളോ ലൈസൻസ് സംബന്ധിച്ച രേഖകളോ ഇല്ലാതെയാണ് ഇവ നൽകിയിരുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.
ക്രീമിനെക്കുറിച്ച് വിവാദങ്ങൾ ഉയർന്നപ്പോൾ മെഡിക്കൽ ഷോപ്പ് ജീവനക്കാർ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ക്രീം ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നങ്ങളുണ്ടാകില്ലെന്നും ഉണ്ടായാൽ തനിയെ മാറിക്കൊള്ളുമെന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ജീവനക്കാർ വെളിപ്പെടുത്തുന്നു.
മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യ മുന്നറിയിപ്പുകളും നിയമനടപടികളും നേരിടുന്ന സൗന്ദര്യവർധക ക്രീമാണ് എഫ് ട്യൂൺ. ക്രീം ഉപയോഗിച്ച മലപ്പുറം സ്വദേശിയായ യുവതിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവമാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതിനു പിന്നാലെ പൊലീസും ഡ്രഗ്സ് കൺട്രോൾ വിഭാഗവും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


