കാസര്‍കോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ ലൈബ്രറി വിലക്ക് പിൻവലിക്കണമെങ്കിൽ മാപ്പ് എഴുതി നൽകണമെന്ന വ്യവസ്ഥയുമായി സർവകലാശാല അധികൃതർ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ ആറ് വിദ്യാർഥികൾക്കാണ് ലൈബ്രറിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. അനുമതിയില്ലാത്ത സമയത്ത് റീഡിങ് റൂമിൽ പ്രവേശിച്ചെന്നാരോപിച്ചായിരുന്നു നടപടി. മാപ്പ് എഴുതി നൽകിയാലും ലൈബ്രറിയിൽ പ്രവേശിക്കില്ലെന്നാണ് എസ്എഫ്ഐയുടെ നിലപാട്. സർവകലാശാലയുടേത് പ്രതികാര നടപടിയാണെന്നും സംഘടന ആരോപിച്ചു.
ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ച് സർവകലാശാലയിൽ പരിപാടി സംഘടിപ്പിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂണിറ്റ് സെക്രട്ടറി സയിദ് അലിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഇപ്പോൾ ലൈബ്രറിയിൽ നിന്ന് ആറ് വിദ്യാർഥികളെക്കൂടി വിലക്കിയതോടെ സർവകലാശാലയുടെ നടപടികൾ പ്രതികാരബുദ്ധിയോടെയുള്ളതാണെന്ന ആരോപണം എസ്എഫ്ഐ ശക്തമാക്കി.
ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതും ലൈബ്രറി വിലക്കും ഉൾപ്പെടെയുള്ള നടപടികൾ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ‘കാലടിയിൽ എന്താണോ നടക്കുന്നത്, അതുതന്നെയാണ് പെരിയയിലും നടക്കുന്നത്’ എന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ പ്രതികരണം.


