തിരുവനന്തപുരം: എൻടിപിസിയിൽ നിന്ന് വൈദ്യുതി കിട്ടാത്തതിന് കാരണം സർക്കാരിന്റെ അനാസ്ഥയും വീഴ്ചയും. നടപടികർമ്മങ്ങളിലെ കാലതാമസവും വീഴ്ചയും മൂലം നിയമപരമായി കുറഞ്ഞ നിരക്കിൽ ലഭിക്കുമായിരുന്ന വൈദ്യുതി കിട്ടാത്ത സാഹചര്യം സംസ്ഥാനത്തെ വീണ്ടും വൈദ്യുതി പ്രതിസന്ധിയിൽ കൊണ്ടെത്തിക്കുകയാണ്.
ഡിസംബർ, ജനുവരി മാസങ്ങളിൽ 270 മെഗാവാട്ട് വീതവും, ഫെബ്രുവരി മുതൽ 540 മെഗാവാട്ടും അധിക വൈദ്യുതി യൂണിറ്റിന് 5.40 രൂപ നിരക്കിൽ നൽകാമെന്ന് എൻടിപിസി നൽകാമെന്ന് സമ്മതിച്ചതായി യുഡിഎഫ് സർക്കാർ തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഡിസംബർ മാസം ആരംഭിക്കുമ്പോൾ കെഎസ്ഇബിക്ക് ഇതുവരെയും എൻടിപിസിയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഡിസംബർ ആദ്യം മുതൽ വൈദ്യുതി ലഭ്യമാകണമെങ്കിൽ മുൻകൂട്ടി കരാറിൽ ഏർപ്പെടുകയും, വൈദ്യുതി ലഭ്യതയുടെ ഷെഡ്യൂൾ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിനെ (SLDC) അറിയിക്കുകയും വേണം. എന്നാൽ കരാറുപോലും ഔദ്യോഗികമായി ലഭിക്കാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലും വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഡിസംബറിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,200 മെഗാവാട്ടിലേക്ക് ഉയരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങുന്ന വൈദ്യുതി ഉൾപ്പെടെ 4,800 മെഗാവാട്ട് മാത്രമാണ് ഉറപ്പാക്കാനായിട്ടുള്ളത്. അതിനാൽ, വരും ദിവസങ്ങളിലും കടുത്ത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് സർക്കാരിന്റെ അനാസ്ഥ കെഎസ്ഇബിയെ കൊണ്ടെത്തിച്ചിരിക്കുന്നത്.


