കോഴിക്കോട് : എഴുത്തുകാരനായ എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഇരുപത്താറ് പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതികളെ ഇരുത്തിനാല് മണിക്കൂറിനുള്ളിൽ പിടികൂടി നടക്കാവ് പൊലീസ്.
കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും ടൗൺ അസിസ്റ്റൻറ് കമീഷണർ ടി.കെ അഷ്റഫ്ന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.
എം.ടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നോർത്ത് സോൺ ഇൻസ്പെക്ടർ ജനറൽ കെ. സേതുരാമൻ ഐ.പി.എസിനെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.ടൗൺ അസിസ്റ്റന്റ് കമീഷണർ ടി.കെ അഷറഫിനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.
വീടിന്റെ ലോക്ക് പൊട്ടിക്കുകയോ ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോകുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യവും അലമാര താക്കോൽ ഉപയോഗിച്ച് തുറന്നതും മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ പൊലീസിനെ എത്തിക്കുകയായിരുന്നു.




