ഫറോക്ക് : സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട് സൗദി ജയിലിലുള്ള അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാൻ കോടികൾ ദയാധനമായി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജയിൽ തുടരുന്ന മകനെ കാണാനായി മാതാവ് ഫാത്തിമ വിദേശത്തേക്ക്.
മോചനം വൈകുന്ന സാഹചര്യത്തിൽ റഹീമിനെ കാണണമെന്നുള്ള ഉമ്മയുടെ ആഗ്രഹം നിറവേറ്റാനായി സഹോദരനും അമ്മാവനും മാതാവ് ഫാത്തിമക്കൊപ്പം റിയാദിലേക്ക് പോകുന്നുണ്ട്. റിയാദിലേക്കുള്ള വിസയും നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ ഉടൻ പുറപ്പെടുമെന്ന് സഹോദരന് നസീര്‍ പറഞ്ഞു.
അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയിൽ സിറ്റിങ് നടന്നുവെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ മോചന ഉത്തരവും പുറപ്പെടുവിക്കട്ടെയെന്നായിരുന്നു കോടതി നിലപാട്. ഈ സാഹചര്യത്തിലാണ് അബ്ദുറഹീമിനെ കാണാനായി കുടുംബം സൗദിയിലേക്ക് പുറപ്പെടുന്നത്.










