കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരൻ മരിച്ചു. ചെറുവണ്ണൂർ കൊളത്തറ സ്വദേശിയായ നാസറിന്റെ മകൻ ഷബീൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
രണ്ട് സുഹൃത്തുക്കളോടൊപ്പം സ്ഥലത്തെത്തിയ ഷബീൽ ആദ്യം വെള്ളത്തിലിറങ്ങിയിരുന്നില്ല. എന്നാൽ പിന്നീട് സുഹൃത്തുകൾ കരയിലേക്ക് മടങ്ങിയപ്പോൾ ഷബീലിനെ കാണാതായതിനെ തുടർന്ന് ബഹളം ഉണ്ടാക്കി. നാട്ടുകാരും മുക്കം പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ, അഗ്നിരക്ഷാസേന എത്തുന്നതിനുമുമ്പേ ഷബീലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഷബീൽ ഫാറൂഖ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണെന്നാണ് വിവരം.






