ആലപ്പുഴ: ഇറാനിൽ കപ്പലിൽ കുടുങ്ങിയിരുന്ന ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ ജെറിനെ മാതാപിതാക്കൾ സ്വീകരിച്ചു. ഇന്ത്യൻ എംബസിയും കെ സി വേണുഗോപാൽയും നൽകിയ സഹായത്തോടെയാണ് നാട്ടിലെത്താൻ കഴിഞ്ഞതെന്ന് ജെറിൻ പറഞ്ഞു. ഇറാനിലെ സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ ജെറിൻ ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കപ്പലിൽ കുടുങ്ങിയതായി മുൻപ് വിവരം പുറത്തുവന്നിരുന്നു. ഇവരെ കൊണ്ടുപോയ ഏജൻസിയും കപ്പൽ കമ്പനിയും വ്യക്തമായ മറുപടി നൽകുന്നില്ലെന്നാരോപിച്ച് ജെറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ആവശ്യമായ ഇടപെടൽ നടത്തി ഇവരെ നാട്ടിലെത്തിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.






