കൽപ്പറ്റ: വയനാട് അമ്പലവയലിൽ വീട്ടുവളപ്പിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് പിടിച്ചെടുത്തു. 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
സംസ്ഥാന വ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അമ്പലവയൽ മേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് രഹസ്യവിവരം ലഭിച്ചത്.
അമ്പലവയൽ സ്വദേശിയായ റെജി ടി.പിയുടെ പുരയിടത്തിൽ കഞ്ചാവ് ചെടി വളർത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 360 സെന്റിമീറ്റർ ഉയരമുള്ള ചെടി കണ്ടെത്തുകയായിരുന്നു. തുടർന്ന് പുരയിട ഉടമയായ റെജിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ആദ്യം ചെടി തനിയെ മുളച്ചതാണെന്നും അത് കഞ്ചാവാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് റെജി മൊഴി നൽകിയത്. എന്നാൽ തുടർചോദ്യം ചെയ്യലിൽ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും ഉപയോഗിച്ച കഞ്ചാവിൽ നിന്നു ലഭിച്ച വിത്ത് മുളപ്പിച്ചാണ് ചെടി വളർത്തിയതെന്നും ഇയാൾ സമ്മതിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് ഇൻസ്‌പെക്ടർ സജിൻ എം.ജെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജി., സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് എം., അനീഷ് ഇ.എസ്., വനിത സിവിൽ എക്സൈസ് ഓഫീസർ ഫസീല ടി., ഡ്രൈവർ പ്രസാദ് കെ. എന്നിവരും പങ്കെടുത്തു.
അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.






