മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോയിലധികം കഞ്ചാവ് പിടികൂടി. ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്ന ലഹരിവസ്തുവാണ് കണ്ടെത്തിയത്.
തിരൂർ എക്‌സൈസ് സർക്കിൾ സംഘവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. പ്രഷോബ് അറിയിച്ചു.
എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.എം. ബാബുരാജ്, ഉദ്യോഗസ്ഥരായ അഭിലാഷ്, ധനേഷ് എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ സബിൻ, പ്രമോദ്, ബാബു, സജീവൻ, സന്ദീപ്, നന്ദകുമാർ എന്നിവരും ഉൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കഞ്ചാവ് സ്റ്റേഷനിൽ എത്തിച്ചതാരെന്നും ഇതിന് പിന്നിലുള്ള ലഹരിമരുന്ന് കടത്ത് സംഘങ്ങളാരെന്നും കണ്ടെത്തുന്നതിനായി സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.






