കൊച്ചി: എറണാകുളം കമ്പളങ്ങിയിൽ മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ മാഹിൻ ആണ് മരിച്ചത്. മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
ആക്രമണം നടന്നത് പുലർച്ചെയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി മാഹിനും മറ്റ് രണ്ട് പേരും കടയ്ക്ക് സമീപം ഇരുന്ന് മദ്യപിച്ചിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിലേക്ക് നയിച്ചതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
കമ്പളങ്ങിയിൽ പച്ചക്കറി കടയ്ക്ക് സമീപം കുട നന്നാക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്ന മാഹിൻ, സമീപ മുറിയിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.






