ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. ശത്രുതയിൽ താൽക്കാലികമായി കുറവ് വന്നിട്ടുണ്ടെങ്കിലും സൈന്യം അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ ഉണ്ടാകാവുന്ന ഏതു സാഹചര്യത്തെയും നേരിടാൻ ഓപ്പറേഷൻ സിന്ദൂർ 2.0 ഉൾപ്പെടെയുള്ള സാധ്യതകൾക്കായി കരസേന, വ്യോമസേന, നാവികസേന എന്നിവ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സേനകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പോരാട്ട ശേഷി വർധിപ്പിക്കുന്നതിനുമാണ് ഇപ്പോൾ പ്രധാന ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക യുദ്ധക്കളങ്ങൾ കൂടുതൽ സുതാര്യമാണെന്നും നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ശത്രുക്കളുടെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കാൻ കഴിയുന്ന സാഹചര്യമാണെന്നും ജനറൽ ദ്വിവേദി പറഞ്ഞു. ഇന്റലിജൻസ് ശേഷി വർധിച്ചതോടെ അതിർത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യം വിശ്വസനീയമായ വിവരങ്ങളിൽ വിശ്വാസം വയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, ജനങ്ങൾക്കിടയിലെ ഐക്യവും വിശ്വാസവുമാണ് രാജ്യത്തിന്റെ ശക്തി വർധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.





