വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുള്ള കർഷക സംഘടനയായ കിഫ, കേരള ഇൻഡിപെൻഡൻഡ് ഫാർമേസ് അസോസിയേഷൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. വന്യമൃഗ ശല്യം രൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് സംഘടന സ്ഥാനാർത്ഥികളെ ഇറക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 10 സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും.
കർഷകർ ഏറെ പ്രതിസന്ധി നേരിടുന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കിഫ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽ കിഫ സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് വിവരം. കിഫ സംസ്ഥാന അധ്യക്ഷൻ അലക്സ് ഒഴുകയിൽ തന്നെയാകും ഇവിടെ ജനവിധി തേടുന്നത്. വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ കർഷകരുടെ ശബ്ദം നിയമസഭയിൽ എത്തിക്കുകയും, വർഷങ്ങളായി അവഗണിക്കപ്പെടുന്ന മലയോര മേഖലകളുടെ പ്രശ്നങ്ങൾ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരികയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
എന്താണ് കിഫ?
വന്യമൃഗ ആക്രമണങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്ന കർഷകരുടെ ഇടയിൽ വലിയ സ്വാധീനം നേടിയ സംഘടനയാണ് കിഫ. നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് മത്സരിക്കാനുള്ള സംഘടനയുടെ തീരുമാനം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് ഗൗരവമായ വെല്ലുവിളിയായി മാറുമെന്നാണ് വിലയിരുത്തൽ. കർഷകരുടെ ജീവന് ബാധിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ തുടർച്ചയായി പുലർത്തുന്ന നിസ്സംഗതയ്ക്കെതിരായ ശക്തമായ ബാലറ്റ് പോരാട്ടമായിരിക്കും ഇതെന്ന് കിഫ നേതൃത്വം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
മുൻപ് കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കിഫ നടത്തിയ നിയമപോരാട്ടം ശ്രദ്ധേയമായിരുന്നു. ഇതിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഇടക്കാല ഉത്തരവ് നേടാൻ സംഘടനയ്ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനുമായി സൗജന്യ നിയമസഹായം കിഫ നൽകിവരുന്നുണ്ട്.
പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, കർഷകരുടെ താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തിയാണ് കിഫ പ്രവർത്തിക്കുന്നത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷക പ്രശ്നങ്ങൾ പ്രധാന ചർച്ചാവിഷയമാക്കാൻ സംഘടന ലക്ഷ്യമിടുന്നുണ്ട്. വാർഡ് തലത്തിലുള്ള കർഷക ഗ്രൂപ്പുകൾ ആണ് കിഫയുടെ അടിസ്ഥാനം. അവിടെ നിന്ന് പഞ്ചായത്ത്, മണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലേക്ക് നീളുന്ന ജനാധിപത്യപരമായ ഘടനയാണ് സംഘടനയ്ക്കുള്ളത്.
2020 ജൂൺ 5 ന് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ കിഫ കേരളത്തിലെ നിരാശരായ കർഷകരുടെ ശബ്ദമായി ഉയർന്നുവന്നു. മനുഷ്യജീവനും സ്വത്തിനും നേരെയുള്ള വന്യജീവി ആക്രമണം, വനം ഉദ്യോഗസ്ഥരുടെ അതിക്രമങ്ങൾ, പരിസ്ഥിതി സെൻസിറ്റീവ് സോൺ, പരിസ്ഥിതി ദുർബല ഭൂമി ,പരിസ്ഥിതി സെൻസിറ്റീവ് ഏരിയ എന്നിവ നടപ്പിലാക്കുന്നതിന്റെ മറവിൽ അവരുടെ കൃഷി പ്രവർത്തനങ്ങളിൽ നിയമവിരുദ്ധവും അന്യായവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ഇത് സജീവമായി ഇടപെടുന്നുണ്ട്.
ചുരുക്കത്തിൽ, കർഷകരുടെ റവന്യൂ ഭൂമികളിൽ മാത്രമല്ല, വനഭൂമിയിൽ മാത്രമേ വനനിയമങ്ങൾ പ്രയോഗിക്കാവൂ എന്ന് കിഫ ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല, പട്ടയ ഭൂമികളെ വനങ്ങളായി പുനർവർഗ്ഗീകരിക്കാനുള്ള വനം വകുപ്പിന്റെ തുടർച്ചയായ ശ്രമങ്ങളെ കിഫ വെല്ലുവിളിക്കുകയും പോരാടുകയും ചെയ്യും. അതിന്റെ ലക്ഷ്യങ്ങൾ ‘ആകാശ പത്രിക’ അല്ലെങ്കിൽ ‘അവകാശ പ്രഖ്യാപനം’ എന്ന പുസ്തകത്തിൽ കൂടുതൽ വിശദവും വർഗ്ഗീകൃതവുമായ രീതിയിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
മലയോര കർഷകർക്കും വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങൾക്കും മാറിചിന്തിക്കാനുള്ള അവസമാണോ കിഫയുടെ മത്സരരംഗത്തേക്കുള്ള കടന്നുവരവെന്നാണ് ഇനി അറിയേണ്ടത്.






