കൊച്ചി: കുന്നത്തുനാട് മണ്ഡലം ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റുന്നത് ട്വന്റി 20-യുടെ എൻ.ഡി.എ. പ്രവേശത്തിലൂടെയാണ്. കേരളത്തിൽ ബദൽ രാഷ്ട്രീയം അവതരിപ്പിച്ച് രംഗത്തുവന്ന ട്വന്റി 20 മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോൾ അവരുടെ കോട്ടയായ കുന്നത്തുനാട്ടിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഉറ്റുനോക്കുന്നത് . ട്വന്റി 20 ആദ്യം മൂന്നുമുന്നണികൾക്കും എതിരായിരുന്നു. അവിടെനിന്നാണ് ബി.ജെ.പി. കൂടാരത്തിലേക്ക് ചേക്കേറിയത് . തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം അവരുടെ അണികളെത്തന്നെ ഞെട്ടിച്ചുകൊണ്ടാണ് പാർട്ടി എൻ.ഡി.എ. മുന്നണിയിൽ ചേരുന്നതായുള്ള പ്രഖ്യാപനം നടത്തിയത് .
ക്രൈസ്തവ, മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ടുകൾ എവിടേക്കുപോകുമെന്ന് അറിയാൻ തിരഞ്ഞെടുപ്പു കഴിയുന്നത് വരെ കാത്തിരിക്കണം .സംവരണമണ്ഡലമായ ഇവിടെ മണ്ഡലത്തിൽനിന്ന് ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ട്വന്റി 20-ക്ക് സാധിച്ചിട്ടില്ല . എന്നാൽ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായപ്പോൾ അത് മുതലെടുത്ത് ഒറ്റരാത്രികൊണ്ട് അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ബാബുദിവാകരനെ കുന്നത്തുനാട് കൊണ്ടുവന്ന് സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ സാധിച്ചത് ട്വന്റി 20-യുടെ പ്രധാന രാഷ്ട്രീയ നീക്കത്തിലൊന്നായിരുന്നു .ട്വന്റി 20-ക്ക് തങ്ങളുടെ ശക്തികേന്ദ്രത്തിൽ ജയിച്ചുകാട്ടേണ്ടത് അനിവാര്യമാണ്. ബി.ജെ.പി.യുടെ വോട്ടുകൾകൂടി ചേരുമ്പോൾ ചെറിയ മാർജിനിലാണെങ്കിലും ജയസാധ്യത പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
സി.പി.എമ്മിനും കുന്നത്തുനാട് സീറ്റ് നിലനിർത്തേണ്ടത് അനിവാര്യമാണ്. കുന്നത്തുനാട് ഇക്കുറി സീറ്റ് തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ട്വന്റി 20-യുടെ എൻ.ഡി.എ. പ്രവേശനം തങ്ങൾക്ക് ഗുണകരമാവുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. പാർട്ടി എൻ.ഡി.എ.യിൽ ചേർന്നത് അണികളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും അതെല്ലാം യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുമെന്നുമാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20-യും യു.ഡി.എഫും എതാണ്ട് തുല്യശക്തികളായിനിന്ന് പോരാടുന്നതാണ് കുന്നത്തുനാട്ടിൽ കണ്ടത്. നാലുപഞ്ചായത്തുകളിൽ യു.ഡി.എഫും നാലിടത്ത് ട്വന്റി 20-യുമാണ് ഭരണം. ചില പഞ്ചായത്തുകളിൽ പരസ്പര സഹകരണത്തിന്റെ പാത തുറന്നതും കാണാം. സി.പി.എമ്മിനെയും കോൺഗ്രസിനെയും ഇടവിട്ട് അധികാരത്തിലേറ്റുന്ന ശൈലിയാണ് കുന്നത്തുനാട് മണ്ഡലത്തിലുള്ളത്. ഇക്കുറി അതിനിടയിലേക്ക് ട്വന്റി 20 വാശിയോടെ ഇറങ്ങുമ്പോൾ ഫലം പ്രവചനാതീതമാവുകയാണ്.






