ന്യൂഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ചൗരി ബസാർ മെട്രോ സ്റ്റേഷന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ചന്ദർപാൽ (60), വിജയ് കുമാർ (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന സംശയത്തെ തുടർന്ന് പരിശോധന തുടരുകയാണ്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
വടക്കുകിഴക്കൻ ഡൽഹിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ തകർന്നുവീണ് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ മറ്റൊരു ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. പഴയ വീടിന് മുകളിൽ പുതിയ നില നിർമിക്കുന്നതിനിടെയായിരുന്നു നേരത്തെയുണ്ടായ അപകടം. മേൽക്കൂരയുടെ ഒരു ഭാഗം തകരുകയും അതിന് മുകളിലുണ്ടായിരുന്ന സ്ലാബ് താഴേക്ക് പതിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ടുപേർ മരിക്കുകയും ചെയ്തിരുന്നു.


