തിരുവനന്തപുരം: മാനവീയം വീഥി നിയന്ത്രിക്കാനോ അവിടെ കലാ-സാംസ്കാരിക പരിപാടികൾ നിരോധിക്കാനോ നഗരസഭയ്ക്ക് അധികാരമില്ലെന്ന് വി. ശിവൻകുട്ടി. മാനവീയം വീഥി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണെന്നും അതിന്റെ നടത്തിപ്പ് അവകാശം നഗരസഭയ്ക്ക് കൈമാറിയതായി തലസ്ഥാനത്തെ ജനങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനവീയം വീഥിയിൽ എല്ലാവർക്കും കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ സ്ഥലത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തിന് കോട്ടം വരാത്ത രീതിയിലായിരിക്കണം പരിപാടികൾ നടത്തേണ്ടതെന്നും ശിവൻകുട്ടി വ്യക്തമാക്കി.
മാനവീയം വീഥിയിലെ സ്ഥലങ്ങൾ അനധികൃതമായി കൈയേറി കൈവശപ്പെടുത്തുന്നത് അവിടുത്തെ ആശയങ്ങൾക്ക് വിരുദ്ധമാണ്. അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത് ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസം നടൻ പ്രകാശ് രാജ് പങ്കെടുത്ത മാനവീയം വീഥിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഫുട്പാത്ത് കൈയേറി, സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി, അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഗ്യാനേഷ് കുമാറിനെതിരെയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിനിടെ പൊലീസ് സ്ഥലത്തെത്തി മൈക്ക് സെറ്റും സ്പീക്കർ ബോക്സും പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് നടപടിയിൽനിന്ന് പിന്മാറുകയായിരുന്നു.
മാനവീയം വീഥിയിലെ പരിപാടികൾക്കും പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് വി. ശിവൻകുട്ടിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.



