ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് തകർന്നത്. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കിണർ ഇടിഞ്ഞ് താഴുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി മുതൽ ചെങ്ങന്നൂർ മേഖലയിൽ ശക്തമായ മഴ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെ വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇന്റർലോക്ക് ചെയ്ത വീട്ടുമുറ്റത്തെ കിണർ കണ്ണുമുന്നിൽ ഇടിഞ്ഞ് താഴുന്നത് കണ്ടത്.
ഇതിനിടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള നിരവധി ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.






