ന്യൂഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. വിമാനത്തിൽനിന്ന് ഇറങ്ങുംമുമ്പാണ് ദീപ്കേയെയും ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, ആഷുതോഷ് രംഗ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനായാണ് നേതാക്കൾ ദില്ലിയിലെത്തിയത്. എന്നാൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും സാധിച്ചില്ലെന്ന് അഭിജീത് ദീപ്കേ പ്രതികരിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവരെ കസ്റ്റഡിയിലെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് സിജെപി നേതാക്കൾക്കെതിരെയും നടപടി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിജെപി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.




