ഛത്രപതി സംഭാജിനഗർ: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നിലവിൽ രാഷ്ട്രീയ പാർട്ടിയായി മാറില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സമ്മർദ്ദ ഗ്രൂപ്പായി പ്രവർത്തനം തുടരുമെന്നും സ്ഥാപകൻ അഭിജീത് ദീപ്‌കെ വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കാൻ ജനകീയ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്രപതി സംഭാജിനഗറിൽ നടന്ന സി.ജെ.പി. കോർ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഭരണഘടനാ സ്ഥാപനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസക്കുറവും നിലവിലെ രാഷ്ട്രീയ സാഹചര്യവുമാണ് ഇത്തരമൊരു നിലപാടിലേക്ക് നയിച്ചതെന്ന് ദീപ്‌കെ പറഞ്ഞു.
നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് കമ്മിഷൻ, മാധ്യമങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ച് ജനങ്ങളിൽ ആശങ്ക വർധിച്ചുവരികയാണെന്നും അവയുടെ വിശ്വാസ്യത ശക്തിപ്പെടുത്താൻ പൊതുസമ്മർദ്ദം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ജെ.പി. ഉടൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. രാഷ്ട്രീയ പാർട്ടിയായി മാറാൻ നിലവിൽ യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ‘ക്യാ ബോൽതി പബ്ലിക്’ എന്ന പേരിൽ രാജ്യവ്യാപക ജനസമ്പർക്ക പരിപാടി ആരംഭിക്കുമെന്നും ദീപ്‌കെ അറിയിച്ചു. ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കാണ് സംഘടന മുൻഗണന നൽകുക. സ്കൂളുകളിലും കോളേജുകളിലും വർധിച്ചുവരുന്ന ഫീസ് സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഝാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ദീപ്‌കെ, ആവശ്യമെങ്കിൽ സി.ജെ.പി. നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സംസ്ഥാനത്ത് എത്തുമെന്നും പറഞ്ഞു. യുവാക്കളെ സംഘടിപ്പിച്ച് സുതാര്യത, ഭരണപരിഷ്കാരം, ജനകീയ വിഷയങ്ങൾ എന്നിവ ഉയർത്തിക്കാട്ടി രാജ്യവ്യാപകമായി പ്രവർത്തനം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




