തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഈ മാസം 13ന് തിരുവനന്തപുരം– എറണാകുളം റൂട്ടിലാണ് ആദ്യ സർവീസ് നടത്തുന്നത്. തുടർന്ന് ഓഗസ്റ്റ് 16 മുതൽ ആലപ്പുഴ–ബെംഗളൂരു റൂട്ടിലും ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസ് എന്ന ആശയം മുന്നോട്ട് വെച്ചത്. ആഡംബര സൗകര്യങ്ങളോടെയുള്ള യാത്രയാണ് പുതിയ ബസുകളിലൂടെ ലക്ഷ്യമിടുന്നത്. വോൾവോ ബസിന്റെ മാതൃകയിലാണ് പുതിയ ബസുകൾ ഒരുക്കിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സീറ്റിനും പിന്നിൽ പ്രത്യേക സ്ക്രീനുകളും നൽകിയിട്ടുണ്ട്.
പൂർണമായി ചായിക്കാവുന്ന ലെതർ സീറ്റുകൾ, മൊബൈൽ ചാർജിങ് സംവിധാനം, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, ഫുട്ട് റെസ്റ്റ്, വിൻഡോ കർട്ടൻ തുടങ്ങിയ സൗകര്യങ്ങൾ ബസിലുണ്ട്. 35 സീറ്റുകൾ മാത്രമുള്ള ഈ ബസിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥല സൗകര്യം ലഭിക്കും. ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണം, ടോയ്‌ലറ്റ്, പാൻട്രി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ തിരുവനന്തപുരം–കൊച്ചി യാത്രാ സമയം കുറയ്ക്കുന്നതിനും ബിസിനസ് ക്ലാസ് ബസ് സർവീസ് സഹായകരമാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്കൊപ്പം ബസ് ഹോസ്റ്റസിന്റെ സേവനവും ലഭ്യമാക്കാൻ പദ്ധതിയുണ്ട്.


