കോഴിക്കോട്: രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പരസ്പരം അധിക്ഷേപിക്കാനായി ഉപയോഗിക്കുന്ന ‘ചെറ്റത്തരം’, ‘നാറി’ തുടങ്ങിയ പദപ്രയോഗങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരോടുള്ള ക്രൂരമായ പരിഹാസമാണെന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അദ്ദേഹം നടത്തിയ പ്രഭാഷണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നത്. അർജന്റീനൻ സാഹിത്യകാരൻ അർമാൻഡോ മക്കിയയുടെ ‘സ്നിപ്പർ’ എന്ന വിഖ്യാത ചെറുകഥ ഉദാഹരിച്ചുകൊണ്ടാണ്, ഇത്തരം അധിക്ഷേപവാക്കുകൾ എങ്ങനെയാണ് മനുഷ്യന്റെ നെഞ്ചിൽ വെടിയുണ്ടകളായി തറയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ഓല മേഞ്ഞ ചെറിയ കുടിലുകളെയാണ് ‘ചെറ്റ’ എന്ന് വിളിക്കുന്നതെന്നും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ ജീവിതരീതിയെയാണ് യഥാർഥത്തിൽ ‘ചെറ്റത്തരം’ എന്ന് അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചില നേതാക്കൾ അധികാരം ലഭിക്കുമ്പോൾ സ്വയം സവർണരും ഫ്യൂഡൽ പ്രഭുക്കളുമാണെന്ന് വിശ്വസിക്കുകയും ഇത്തരം പ്രയോഗങ്ങൾ തിരുത്താൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് ഖേദകരമാണ്. ചെറ്റക്കുടിലുകളിൽ താമസിക്കുന്നവരുടെ വോട്ടുകൾ കൊണ്ടാണ് ലോകത്തിൽ ആദ്യമായി അധികാരമേറിയ പാർട്ടിയായി നമ്മുടെ പാർട്ടി മാറിയതെന്ന യാഥാർഥ്യം നാം മറക്കരുത്.
അധ്വാനിച്ചു വിയർക്കുന്നവനെ നോക്കി ‘നാറി’ എന്ന് അധിക്ഷേപിക്കുന്നതും, വിലകുറഞ്ഞതിനെയോ ഗുണനിലവാരമില്ലാത്തതിനെയോ സൂചിപ്പിക്കാൻ ‘ചാത്തൻ’ എന്ന പദം ഉപയോഗിക്കുന്നതും ഇതേ ഫ്യൂഡൽ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കും കീഴാളർക്കും പാവപ്പെട്ടവർക്കും നേരെ നാം പ്രയോഗിക്കുന്ന വാക്കുകൾ അവരുടെ നെഞ്ചിലേക്കാണ് വെടിയുണ്ടകൾ കണക്കെ പതിക്കുന്നത്. സാംസ്കാരിക നായകന്മാരും എഴുത്തുകാരും പോലും ഇത്തരം വാക്കുകൾ അബോധപൂർവ്വമായി ഉപയോഗിക്കുമ്പോൾ, അതിൽ അടങ്ങിയിരിക്കുന്ന രാഷ്ട്രീയവും ക്രൂരതയും സമൂഹം തിരിച്ചറിയുന്നില്ല എന്ന ഗൗരവതരമായ വിമർശനമാണ് സുഭാഷ് ചന്ദ്രൻ ഈ പ്രഭാഷണത്തിലൂടെ മുന്നോട്ടുവെക്കുന്നത്.





