കൊല്ലം: വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കായി തിരച്ചിൽ. ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടലിൽ മത്സ്യബന്ധനത്തിനായി പോയ ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ബോട്ടിൽ ഉണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളിൽ ഒമ്പത് പേരെ കപ്പലിൽ തന്നെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. എന്നാൽ രണ്ടുപേർ കടലിൽ മുങ്ങിപ്പോയതായി റിപ്പോർട്ടുണ്ട്. തമിഴ്നാട്, പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് ഏകദേശം 120 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം ഉണ്ടായത്. കടലിൽ കാണാതായ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.






