കോഴിക്കോട്: 25 കോടിയുടെ വൻ ഓൺലൈൻ തട്ടിപ്പ് കേസിലെ മൂന്ന് പ്രധാന പ്രതികളെ കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസ് പറയുതുന്നത്.
കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടിൽ പി.കെ. റഹീസ്, അരക്കൂർ തോലമുത്തം പറമ്പിൽ വി. അൻസർ, പന്തീരങ്കാവ് നരിക്കുനിമീതൽ വീട്ടിൽ സി.കെ. അനീസ് റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. മൂവരും കോഴിക്കോട് സ്വദേശികളാണ്.
പ്രതികളിൽ നിന്ന് 50 മൊബൈൽ ഫോണുകളും 200 സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. രാജ്യത്ത് ഇതുവരെ പുറത്തുവന്നതിൽ ഏറ്റവും വലിയ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പുകളിൽ ഒന്നാണ് ഇത്.
www.capitalix.com എന്ന വെബ്‌സൈറ്റ് വഴി ഷെയർ ട്രേഡിംഗിൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 മാർച്ച് 15 മുതൽ 2025 ഓഗസ്റ്റ് 29 വരെ 90 തവണകളായി 25 കോടി രൂപയാണ് ഇവർ പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്തത്.
പണം വിവിധ ബാങ്കുകളിലെ 15 അക്കൗണ്ടുകളിലേക്കാണ് പ്രതികളുടെ നിർദേശപ്രകാരം അയച്ചത്. പ്രതികൾക്കു പിന്നിൽ പ്രവർത്തിച്ച മറ്റ് സംഘങ്ങളെ കുറിച്ചും സൈബർ പൊലീസ് അന്വേഷണം തുടരുന്നു.




