വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയപാർട്ടികളെയും മുന്നണികളെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. അധികാരത്തിൽ തുടരുക ഇടതിനെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമായ ഒന്നാണ്. തുടർച്ചയായി രണ്ടുതവണയായി അധികാരത്തിന് പുറത്തു നിൽക്കുന്ന യുഡിഎഫിന് കേരളത്തിൽ ഭരണത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന പ്രശ്നമാകും. ഇപ്പോൾ തന്നെ അധികാരമില്ലാത്ത എല്ലാ പ്രശ്നങ്ങളും യുഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കും ഉണ്ട്. അതിന്റെ ഒന്നും ആവർത്തനത്തിന് യുഡിഎഫ് ഒരിക്കലും ആഗ്രഹിക്കുന്നില്ല.
ബിജെപിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. രാജീവ് ചന്ദ്രശേഖർ എന്ന പുതിയ ബിജെപി അധ്യക്ഷൻ വന്നതിനുശേഷം ഉള്ള ആദ്യ തെരഞ്ഞെടുപ്പാണ്. കേരളത്തിലേക്ക് രാജീവിനെ ബിജെപി കേന്ദ്ര നേതൃത്വം അയച്ചപ്പോൾ അവരുടെ പ്രതീക്ഷകൾ ഏറെയാണ്. ആ പ്രതീക്ഷകൾക്കൊപ്പം ഉയരേണ്ട ഉത്തരവാദിത്വം രാജീവ് ചന്ദ്രശേഖർ എന്ന സംസ്ഥാന പ്രസിഡന്റിന് ഉണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറത്തേക്ക് സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും സ്ഥാനാർത്ഥികളാക്കുവാൻ മുന്നണികളും പാർട്ടികളും ആലോചിക്കുന്നുണ്ട്. പൊതുവേ സാംസ്കാരിക ചലച്ചിത്ര പ്രവർത്തകരെ സ്ഥാനാർഥികളാക്കി ശീലമുള്ളത് ഇടതുപക്ഷത്തിനാണ്. ഇപ്പോഴും കേരള നിയമസഭയിൽ നടൻ മുകേഷ് ഉൾപ്പെടെയുള്ളവർ ഉണ്ടെന്നത് അതിന്റെ നേര് സാക്ഷ്യമാണ്.
യുഡിഎഫിനു വേണ്ടി മത്സരരംഗത്ത് നടൻ പിഷാരടി ഉൾപ്പെടെയുള്ള ഒരുപിടി ആളുകളും സ്ഥാനാർത്ഥികൾ ആകുമെന്ന് കേൾക്കുന്നു. കെ ബാബു മത്സരരംഗത്ത് നിന്നും മാറുന്ന ഒഴിവിലേക്ക് തൃപ്പൂണിത്തുറയിൽ നിന്നാകും പിഷാരടി നിയമസഭയിലേക്ക് മത്സരിക്കുക. പിഷാരടിയിലൂടെ തൃപ്പൂണിത്തുറ മണ്ഡലം നിലനിർത്തുവാൻ കഴിയുമെന്നാണ് യുഡിഎഫ് കരുതുന്നത്. പിഷാരടിക്ക് പുറമെ മറ്റു പല താരങ്ങളെയും സാംസ്കാരിക പ്രവർത്തകരെയും
വിവിധ മണ്ഡലങ്ങളിൽ മത്സരിപ്പിക്കുവാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്. അത്തരത്തിൽ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളിൽ ഉള്ള മറ്റൊരാൾ ജോയ് മാത്യു ആണ്. കഴിഞ്ഞ കുറെ നാളുകളായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിവിധ പരിപാടികളിലെ നിറസാന്നിധ്യമാണ് ജോയ് മാത്യു. മാത്രവുമല്ല സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നിരന്തരം വിമർശിച്ച് രംഗത്തുവരുന്നവരുടെയും കൂട്ടത്തിൽ മുൻനിരയിൽ ജോയ് മാത്യു ഉണ്ട്. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പ്രകീർത്തിച്ചു ജോയ് മാത്യു രംഗത്ത് വന്നിരുന്നു.
പി വി അൻവറിനെ യുഡിഎഫിൽ പ്രവേശിപ്പിക്കാത്ത വിഡി സതീശനെ താൻ സല്യൂട്ട് ചെയ്യുകയാണെന്ന് ആയിരുന്നു നടൻ ജോയി മാത്യു പറഞ്ഞത്. അൻവറിന് അവിടെ കിട്ടിയ വോട്ട് ആര് നിന്നാലും കിട്ടുമെന്നും ജോയ് മാത്യു പറഞ്ഞിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്തും എം സ്വരാജിനെയും സർക്കാരിനെയും ജോയ് മാത്യു രൂക്ഷമായി വിമർശിച്ചിരുന്നു. സ്വരാജ് നല്ല പാർട്ടിക്കാരനാണ് പക്ഷേ നല്ലൊരു പൊതുപ്രവർത്തകൻ അല്ലെന്നും കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ നടത്തിയ സമരങ്ങളിലൊന്നും സ്വരാജ് നിലപാട് എടുത്തിട്ടില്ലെന്നും ജോയ് മാത്യു തുറന്നടിച്ചിരുന്നു. പാർട്ടി പറയുന്നത് കേട്ട് ജീവിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ് സ്വരാജ്. അദ്ദേഹവുമായുള്ള സൗഹൃദം വേറെ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം വേറെ.
ജനകീയ വിഷയങ്ങളില്‍ പ്രതികരിക്കാത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയും ജോയ് മാത്യു വിമർശനം ഉന്നയിച്ചിരുന്നു. ഒരു സിനിമ എഴുതിയതുകൊണ്ടോ പുസ്തകം എഴുതിയതുകൊണ്ടോ അയാൾ സാംസ്കാരിക പ്രവർത്തകൻ ആകുന്നില്ല. ആദിവാസികളും ആശാവർക്കർമാരും സമരം ചെയ്യുമ്പോൾ അത് കണ്ടില്ലെന്ന് നടക്കുന്ന, ഷോക്കേറ്റ് ബാലൻ മരിക്കുമ്പോൾ അതിനെ രാഷ്ട്രീയമായി മുതലെടുക്കാൻ നോക്കുന്ന, ഒരു വിദ്യാർത്ഥിയെ റാഗിംഗ് നടത്തി കെട്ടിത്തൂക്കി കൊന്നപ്പോൾ പ്രതികരിക്കാൻ പറ്റാത്ത അവർ സാംസ്കാരിക പ്രവർത്തകരാണെന്ന് വിചാരിക്കാനാകില്ല .
വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെട്ടാൽ മാത്രമേ സാംസ്കാരിക പ്രവർത്തകർ എന്ന് പറയാനാകൂ. അല്ലാത്തവര്‍ വെറും കൂലി എഴുത്തുകാരാണെന്നും ജോയ് മാത്യു വിമര്‍ശിച്ചിരുന്നു. സർക്കാരിന്റെ പല തീരുമാനങ്ങളെയും വിമർശിച്ച് ജോയ് മാത്യു പല ആവർത്തി രംഗത്ത് വന്നിരുന്നു. പ്രധാനമായും കോഴിക്കോട് ഡിസിസിയുടെ വിവിധ പരിപാടികൾ ആണ് ജോയ് മാത്യു പങ്കെടുക്കുന്നത്. ഇതോടെയാണ് തെരഞ്ഞെടുപ്പിൽ ജോയ് മാത്യു സ്ഥാനാർത്ഥി ആകുമെന്ന നിലയിലുള്ള പ്രചാരണങ്ങൾ ശക്തമാകുന്നത്. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ജോയ് മാത്യു സ്ഥാനാർത്ഥി ആകുമെന്നതിലേക്കുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നു കേൾക്കുന്നത്. ഇത്തരമൊരു പ്രചാരണത്തോട് പ്രതികരിക്കുവാൻ ജോയ് മാത്യു ഇതുവരെയും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.




