പ്രേമലു അടക്കമുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ചിത്രത്തില്‍ നായകനാവാന്‍ എത്തുന്നു നിവിന്‍ പോളി. മമിത ബൈജുവാണ് നായിക. പ്രേമലുവിന് ശേഷം മമിത ബൈജു നായികയാവുന്ന ഗിരീഷ് എ ഡി ചിത്രത്തിന്‍റെ പേരും കൗതുകകരമാണ്. ബത്‍ലഹേം കുടുംബ യൂണിറ്റ് എന്നാണ് ചിത്രത്തിന്‍റെ പേര്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രേമലുവിന്‍റെ നിര്‍മ്മാണവും ഭാവന സ്റ്റുഡിയോസ് ആയിരുന്നു.
പ്രേമലുവിന്‍റെ രണ്ടാം ഭാഗവും അതേ ടീമില്‍ ഭാവന സ്റ്റുഡിയോസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രേമലു 2 ന് മുന്‍പ് തങ്ങളുടെ നിര്‍മ്മാണത്തില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം വരുമെന്ന് ദിലീഷ് പോത്തന്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. അതാണ് ഈ ചിത്രം. ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ നിര്‍മ്മാണ സംരംഭമാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. ‘കുമ്പളങ്ങി നൈറ്റ്സ്’ മുതല്‍ ‘പ്രേമലു’ വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയവയാണ്.
റൊമാന്‍റിക് കോമഡി ചിത്രമാണ് ഇത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജ്മല്‍ സാജു, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, ഡിസ്ട്രിബ്യൂഷന്‍ ഭാവന റിലീസ്. പ്രൊഡക്ഷന്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് ഫഹദ് അടക്കമുള്ളവര്‍ അറിയിച്ചിരിക്കുന്നത്.






