വിവാഹത്തിന് ശേഷം തെലങ്കാനയിലെ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് നടൻ വിജയ് ദേവരകൊണ്ട. വിജയ്‌യും ഭാര്യയും നടിയുമായ രശ്മിക മന്ദാനയും കുടുംബത്തോടൊപ്പം തിങ്കളാഴ്ച തെലങ്കാനയിലെ തുംമനേപേട്ടയിലുള്ള തന്റെ നാട് സന്ദർശിച്ചിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശനവും സത്യനാരായണവ്രത പൂജയുമടങ്ങുന്ന ചടങ്ങുകൾക്ക് ശേഷം ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് വിജയ് സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്.
തെലങ്കാനയിലെ അചംപേട്ട് ഡിവിഷനിലുള്ള 44 സർക്കാർ സ്‌കൂളുകളിലെ ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിജയ് തന്റെ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്‌കോളർഷിപ്പ് നൽകുക. സാമ്പത്തിക ഭാരമില്ലാതെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തുടരാൻ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിജയ് ഈ പ്രഖ്യാപനം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രഖ്യാപനം കേട്ടയുടൻ സദസ്സിനൊപ്പം രശ്മികയും വിജയിയുടെ അമ്മയും കൈയടിക്കുന്നത് വീഡിയോയിൽ കാണാം. നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകർ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. ഇനി മുതൽ തന്റെ ഗ്രാമത്തിൽ പതിവായി എത്തുമെന്നും വിജയ് നാട്ടുകാർക്ക് വാക്ക് നൽകി.



