തൃശ്ശൂർ: മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനം തടയാൻ മൃഗസംരക്ഷണ വകുപ്പ് ദ്രുത കർമ്മസേന (റാപ്പിഡ് റെസ്പോൺസ് ടീം) പ്രവർത്തനം ആരംഭിച്ചു. രോഗബാധിത ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത പ്രദേശമാക്കി, 10 കിലോമീറ്റർ പരിധി നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ നിന്നുള്ള പന്നി മാംസം വിതരണം, കടകളുടെ പ്രവർത്തനം, പന്നികളെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകൽ എന്നിവയ്ക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചു.
പന്നികളിൽ മാത്രം ബാധിക്കുന്ന ഈ വൈറസ് മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം വ്യക്തമാക്കി. ആഫ്രിക്കൻ പന്നിപ്പനി വളരെയധികം ഗൗരവമുള്ള വൈറൽ രോഗമാണെന്നും, ആദ്യമായി 1900കളിൽ ഈസ്റ്റ് ആഫ്രിക്കയിൽ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. മരണനിരക്ക് ഉയർന്ന ഈ രോഗം പന്നികളിൽ മാത്രമാണ് അപകടകാരി, ലക്ഷണങ്ങൾ ആഫ്രിക്കൻ പന്നിപ്പനിയും സാധാരണ പന്നിപ്പനിയും ഒരുപോലെ കാണപ്പെടാം, എന്നാൽ രണ്ടും വ്യത്യസ്ത വൈറസ് മൂലമാണെന്ന് ഡോക്ടർ വ്യക്തമാക്കി.










