ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ 40 വര്‍ഷം പഴക്കമുള്ള പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം സമഗ്രമായി പരിഷ്‌കരിക്കുന്നു. പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതോടെ ടിക്കറ്റ് ബുക്കിംഗ് നിലവിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി വേഗത്തിലാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഒരു മിനിറ്റില്‍ 25,000 ടിക്കറ്റുകള്‍ മാത്രം ബുക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥാനത്ത്, പുതിയ സംവിധാനം വരുന്നതോടെ ഇത് 1,25,000 ആയി ഉയരും. ഇത് ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും ഓണ്‍ലൈന്‍ ബുക്കിംഗ് കൂടുതല്‍ സുഗമമാക്കാനും സഹായിക്കും.
ഏകദേശം 1,000 കോടി രൂപ ചെലവഴിച്ചാണ് മാറ്റം നടപ്പിലാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. റിസര്‍വേഷന്‍ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് വേഗത്തില്‍ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് നല്‍കാന്‍ പുതിയ സോഫ്റ്റ്വെയര്‍ സഹായിക്കും. ടിക്കറ്റ് ബുക്കിംഗിലെ തട്ടിപ്പുകളും ഇടനിലക്കാരുടെ അനധികൃത ഇടപെടലുകളും തടയാന്‍ പുതിയ സംവിധാനത്തിന് സാധിക്കും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ പുതിയ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്.






