തിരുവനന്തപുരം: പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായ ജി. സുധാകരനെ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തിനു ശേഷം പിണറായി വിജയൻ അഭിവാദ്യം ചെയ്തു. സുധാകരനും തിരിച്ച് പിണറായിയെ അഭിവാദ്യം ചെയ്തു. സഭയിൽ 133-ാമത് അംഗമായാണ് പിണറായി സത്യപ്രജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി. സുധാകരന് കൈകൊടുത്ത ശേഷം നിറപുഞ്ചിരിയോടെ തോളിൽ തട്ടുകയും ചെയ്തു.
ബുധനാഴ്ച ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുൻപാകെയാണ് പതിനാറാം കേരളനിയമസഭയുടെ പ്രോടെം സ്പീക്കറായി ഭരണപക്ഷനിരയിലെ മുതിർന്ന അംഗം ജി. സുധാകരൻ ചുമതലയേറ്റത്. അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി വിജയിച്ച ജി. സുധാകരനു മുന്നിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ ഒന്നായിരുന്നു.





