ലക്നൗ: മതിയായ മെഡിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭാര്യ ഭർത്താവിനെ ‘ലൈംഗികശേഷിയില്ലാത്തവൻ’ എന്ന് വിളിച്ചതിനെ അപകീർത്തിക്കേസിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഭർത്താവിന്റെ പരാതിയിൽ വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് അച്ചൽ സച്ച്ദേവിന്റെ സിംഗിൾ ബെഞ്ച് ഈ നിർണായക നിരീക്ഷണം നടത്തിയത്.
ഭർത്താവിനെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ അല്ല, മറിച്ച് സദുദ്ദേശത്തോടെയാണ് യുവതി ഈ പരാമർശം നടത്തിയതെന്ന് കോടതി വിലയിരുത്തി. കേസിലെ സാഹചര്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ശരിയായി പരിഗണിക്കാതെയാണ് വിചാരണക്കോടതി സമൻസ് പുറപ്പെടുവിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൊരഖ്പൂർ അഡീഷണൽ സിവിൽ ജഡ്ജി ഐപിസി 500 പ്രകാരം നൽകിയ സമൻസിനെ ചോദ്യം ചെയ്തായിരുന്നു യുവതിയുടെ ഹർജി.
2022 നവംബർ 25-നാണ് ഇവരുടെ വിവാഹം നടന്നത്. പിന്നീട് ഭർത്താവിന്റെ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബന്ധം തുടരാനാവാത്ത സാഹചര്യം ഉണ്ടായതോടെ, യുവതി ഗാർഹിക പീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് നിയമനടപടികൾ സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് ഭർത്താവ് അപകീർത്തി പരാതി നൽകിയത്. സ്ത്രീധന കേസുകൾ പിൻവലിക്കാനുള്ള സമ്മർദ്ദമായി ഈ കേസ് ഉപയോഗിച്ചതാണെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന് 2024 ഡിസംബർ 21-നാണ് വിചാരണക്കോടതി സമൻസ് അയച്ചത്.
വ്യക്തമായ മെഡിക്കൽ തെളിവുകൾ ഇല്ലാതെ പൊതുവേദിയിൽ ഇത്തരം പരാമർശങ്ങൾ അപകീർത്തിയാകാമെന്ന് കോടതി ചൂണ്ടിക്കാട്ടിയെങ്കിലും, നിയമപരമായ പരാതികളുടെയും സദുദ്ദേശത്തോടെയുള്ള പ്രസ്താവനകളുടെയും ഭാഗമായാൽ അവയ്ക്ക് സംരക്ഷണം ലഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുവതി ഇപ്പോൾ വിവാഹമോചന ഹർജിയും സമർപ്പിച്ചിരിക്കുകയാണ്.





